Fincat

പുറത്തൂർ ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

തീരദേശ പഞ്ചായത്തായ പുറത്തൂരിന്റെ അഞ്ച് വർഷത്തെ സമഗ്ര വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു വികസന സദസ്സ് സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു. സൈനുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. ഒ. ശ്രീനിവാസൻ അധ്യക്ഷനായി.

സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെ ലഭ്യമായ ഫണ്ടുകൾ ജനങ്ങളുടെ സമഗ്ര വികസനത്തിന്‌ വിനിയോഗിക്കാൻ പഞ്ചായത്തിന് കഴിഞ്ഞെന്നും ജില്ലക്കും സംസ്ഥാനത്തിനും മാതൃകയാവുന്ന പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഓലപ്പുരകളില്ലാത്ത പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ലൈഫ് ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി 800 ലധികം വീടുകൾ നൽകാൻ സാധിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികച്ച വികസനങ്ങൾ നടപ്പിലാക്കി. 6000 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുടെയും പൂർത്തിയാക്കിയ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. തീരദേശ പഞ്ചായത്തായ പുറത്തൂരിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളിലൂടെ മാലിന്യനിർമാർജനത്തിൽ വിജയകരമായ പ്രവർത്തനങ്ങൾ നടത്തി. ഹരിത കർമ്മ സേന അംഗങ്ങൾക്ക് പി എഫ്, ഇ എസ് എ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു.

പുറത്തൂർ പഞ്ചായത്തിലെ ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഉമ്മർ സ്വാഗതം പറഞ്ഞു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത പുളിക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ആസിഫ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ പി സുദേവൻ മാസ്റ്റർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. പ്രശാന്ത്, സിഡിഎസ് ചെയർപേഴ്സൺ കെ. സാജിത, ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ റഹ്മത്ത് സൗദ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിഷ്ണുപ്രസാദ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിജു എ. അസീസ് നന്ദി പറഞ്ഞു.