Fincat

ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും; മാളികപ്പുറത്ത് തൊഴുതു നില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം പിന്‍വലിച്ചു


ന്യൂഡല്‍ഹി: ശബരിമലയില്‍ മാളികപ്പുറം ക്ഷേത്രത്തിന് പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം പിന്‍വലിച്ചു.രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ചിത്രം പിന്‍വലിച്ചത്.

അതേസമയം ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി ദ്രൗപദി മുര്‍മു വൈകിട്ട് 4.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രമാടത്ത് നിന്നും ഹെലികോപ്ടറിലായിരുന്നു യാത്ര. ഇന്ന് രാവിലെ 11.45 നായിരുന്നു രാഷ്ട്രപതി സന്നിധാനത്തെത്തി പതിനെട്ടാം പടി കയറിയത്.പ്രത്യേക വാഹനവ്യൂഹത്തിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് എത്തിയത്.

മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭം നല്‍കി തിരുമുറ്റത്ത് രാഷ്ട്രപതിയെ സ്വീകരിക്കുകയായിരുന്നു. അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവര് സ്വാമി നടയും സന്ദര്‍ശിച്ചാണ് മലയിറങ്ങിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉപഹാരവും മന്ത്രി വി എന്‍ വാസവന്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു.