താനൂര്‍ ബോട്ടപകടം: ജുഡീഷ്യല്‍ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും നടന്നു
താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിങ്ങും തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ നടന്നു.
ജലാശയങ്ങളില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ടോള്‍ഫ്രീ നമ്പര്‍ സംവിധാനം നടപ്പിലാക്കുക, തീരദേശങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുക, വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന മേഖലകളില്‍ പൊലീസിനെ വിന്യസിക്കുക, ജലാശയങ്ങളിലെ മണല്‍ തിട്ടകളും എക്കലുകളും മരക്കുറ്റികളും നീക്കി യാത്ര അപകടരഹിതമാക്കുക, മത്സ്യ ബന്ധനത്തിനായി ഇട്ടിരിക്കുന്ന വലകള്‍ ബോട്ട് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി പഠനം നടത്താന്‍ ശുപാര്‍ശ ചെയ്യുക, പുതിയ ബോട്ടുകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ലൈസന്‍സി സമ്പ്രദായം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ തെളിവെടുപ്പില്‍ ഉയര്‍ന്നു. ഒന്‍പതു പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
ജലഗതാഗത മേഖലയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാര മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുന്‍കാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍ സമര്‍പിച്ച റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്. നാളെ (വ്യാഴം) അരീക്കോട് നടക്കുന്ന തെളിവെടുപ്പോടു കൂടി രണ്ടാംഘട്ടം സമാപിക്കും.
കമ്മീഷന്‍ അംഗങ്ങളായ കുസാറ്റ് ഷിപ് ബില്‍ഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. കെ.പി. നാരായണന്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരന്‍, കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ആര്‍. ശിവപ്രസാദ്, കമ്മീഷന്‍ അഭിഭാഷകന്‍ ടി.പി. രമേഷ്, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ലിറ്റി ജോസഫ്, തിരൂര്‍ തഹസില്‍ദാര്‍ സി.കെ. ആഷിക്, നോഡല്‍ ഓഫീസറും തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാറുമായ റെജി എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു.