Fincat

ചാറ്റ്ജിപിടി നമ്പര്‍ നല്‍കി, യുവതി ലോട്ടറിയെടുത്തു, സമ്മാനം കിട്ടിയത് 88 ലക്ഷം

 

യുഎസ്സില്‍ നിന്നുള്ള ഒരു യുവതിക്ക് 88 ലക്ഷം ($100,000) ലോട്ടറി അടിച്ചു. തന്നെ വിജയിപ്പിച്ച ലോട്ടറിയുടെ നമ്പര്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എഐ) ആണെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്. മിഷിഗണിലെ വ്യാന്‍ഡോട്ടില്‍ നിന്നുള്ള 45 -കാരിയായ ടാമി കാര്‍വിയാണ് MichiganLottery.com -ല്‍ നിന്ന് ഓണ്‍ലൈനായി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. സെപ്റ്റംബറിലാണ് ടാമിക്ക് 1.787 ബില്യണ്‍ ഡോളര്‍ പവര്‍ബോള്‍ ജാക്ക്പോട്ടില്‍ സമ്മാനം കിട്ടുന്നത്. ലോട്ടറി എടുക്കുമ്പോള്‍ തന്റെ വിധി ചാറ്റ്ജിപിടിക്ക് വിട്ടുകൊടുക്കാനാണ് ടാമി തീരുമാനിച്ചത്.

അങ്ങനെ, തനിക്ക് വേണ്ടി ലോട്ടറിയുടെ ഏതെങ്കിലും ചില നമ്പറുകള്‍ ജനറേറ്റ് ചെയ്ത് തരാന്‍ ടാമി ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. ഒരു ബില്ല്യണ്‍ ഡോളറാണ് ജാക്ക്‌പോട്ടില്‍ കിട്ടുന്ന തുക. അങ്ങനെ വരുന്ന സമയത്ത് മാത്രമാണ് താന്‍ ലോട്ടറിയെടുക്കാറുള്ളത്. ഈ ലോട്ടറിയും അങ്ങനെയാണ് എടുത്തത്. അങ്ങനെ ഞാന്‍ ചാറ്റ്ജിപിടിയോട് പവര്‍ബോള്‍ നമ്പറുകളുടെ ഒരു സെറ്റ് ജനറേറ്റ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു. ആ നമ്പറാണ് തന്നെ സമ്മാനം നേടാന്‍ സഹായിച്ചത് എന്നാണ് ടാമി പറഞ്ഞത്.

ചാറ്റ്ജിപിടി ജനറേറ്റ് ചെയ്ത നാല് നമ്പറുകള്‍ ടാമിക്ക് നേടിക്കൊടുത്തത് $50,000 ആണ്. എന്നാല്‍, അതേസമയത്ത് തന്നെ അവര്‍ മറ്റൊരു ലോട്ടറി കൂടി എടുത്തിരുന്നു. അതിനാല്‍ തന്നെ അവളുടെ വിജയം ഇരട്ടിയാവുകയും 100,000 ഡോളര്‍ നേടാന്‍ അവരെ സഹായിക്കുകയും ചെയ്തു. ഈ പണം കൊണ്ട് എന്ത് ചെയ്യും എന്ന് ചോദിക്കുമ്പോള്‍ ടാമി പറയുന്നത്, ആദ്യം ഒരു വീട് വാങ്ങും. ബാക്കി പണം താന്‍ സേവ് ചെയ്യും എന്നാണ്.

ഇതിനുമുമ്പും ചാറ്റ്ജിപിടിയുടെ സഹായത്തോടെ തിരഞ്ഞെടുത്ത നമ്പറുകള്‍ ആളുകളെ ലോട്ടറിയടിക്കാന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, വിര്‍ജീനിയ ലോട്ടോ ഡ്രോയിംഗില്‍ നിന്നും 1.32 കോടി നേടാന്‍ വിര്‍ജീനിയയിലെ കാരി എഡ്വേര്‍ഡ്‌സിനെ സഹായിച്ചത് ചാറ്റ്ജിപിടി ജനറേറ്റ് ചെയ്ത് നല്‍കിയ നമ്പറാണ്. പണം മുഴുവനും കാരി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്തു.