വെട്ടം പഞ്ചായത്തില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള ആഹ്വാനമായി സമ്മേളനം
തിരൂർ : ‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് ‘ എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. യുവജന രാഷ്ട്രീയത്തിൽ പുതിയ ഊർജ്ജം പകർന്ന സമ്മേളനം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ യുവജന റാലി ശ്രദ്ധേയമായി.
പച്ചാട്ടിരിയിൽ നടന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.ടി ഫാസിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. യുവതലമുറ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുവജന സംഘടനകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ , മുസ്ലീംലീഗ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ,ലീഗ് നേതാക്കളായ ഷഫീഖ് കുന്നത്ത് , സിദ്ദീഖ് പറവണ്ണ , യു.പി ഖമറു മാസ്റ്റർ, സി.എം.ടി ബാവ, ഹമീദ് നിയാസ്, കെ.പി റഫൂഖ്, സക്കീർ മുറിവഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.