ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 20ാമത് പാര്‍ട്ടി കോണ്‍ഗ്രസ്; നാലാമത് പ്ലീനം ഇന്ന് സമാപിക്കും
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന നാലാമത് പ്ലീനം ഇന്ന് സമാപിക്കും. നാല് ദിവസം നീണ്ടു നിന്ന പ്ലീനം തിങ്കളാഴ്ചയാണ് ബെയ്ജിംഗില്‍ ആരംഭിച്ചത്. 15ാമത് പഞ്ചവത്സര പദ്ധതിയും 2026 മുതല്‍ 2030 വരെയുള്ള സാമ്പത്തിക നയവും പ്ലീനം അംഗീകരിക്കും. ഇത്തവണ അമേരിക്കയുമായി താരിഫ് യുദ്ധം തുടരുന്നതിനിടെയാണ് പ്ലീനം എന്ന പ്രത്യേകതയുമുണ്ട്.
ഓരോ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കും ഇടയിലുള്ള നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് പ്ലീനങ്ങളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. പ്ലീനമാണ് ചൈനയിലെ ഭരണ നിര്‍വഹണത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. പ്ലീനങ്ങളില്‍ സെന്റ്രല്‍ കമ്മറ്റികളിലെ 300 അംഗങ്ങളാണ് പങ്കെടുക്കുക. രണ്ട് ഉന്നത സൈനിക മേധാവികള്‍ ഉള്‍പ്പെടെ ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയ തീരുമാനം ഈ പ്ലീനത്തില്‍ അംഗീകരിക്കും. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ രണ്ടാം സ്ഥാനക്കാരനായ ജനറല്‍ ഹി വിഡോങ്ങും നാവിക സേന അഡ്മിറല്‍ മിയാവോ ഹുവയുമാണ് പുറത്താക്കപ്പെട്ടവരിലെ ഉന്നതര്‍. ഗുരുതര അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നീന്നും പുറത്താക്കിയിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായി കൂടിയാണ് പുറത്താക്കപ്പെട്ട ഹി വിഡോങ്ങ്.
പ്ലീനത്തില്‍ അംഗീകരിക്കാന്‍ പോകുന്ന 15ാമത് പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളില്‍ ഒന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. എഐ ഉപയോഗിച്ച് തൊഴിലാളികളെ എങ്ങനെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കാം എന്നാണ് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചര്‍ച്ചചെയ്യുന്നത്. 2017ല്‍ അവതരിപ്പിച്ച എഐ വികസന പദ്ധതിയില്‍ 2030ഓടുകൂടി ചൈന എഐ ഉപയോഗത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ കേന്ദ്രമാകുമെന്നാണ് അവകാശപ്പെടുന്നത്. ചൈനയും അമേരിക്കയും ഒരു വ്യാപാര യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പ്ലീനം നടക്കുന്നത് എന്നത് ചൈനയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അപൂര്‍വ ലോഹങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ നീക്കത്തെ തുടര്‍ന്നാണ് ചൈനയ്ക്കുമേല്‍ അമേരിക്ക 100 ശതമാനം തീരുവ ചുമത്തിയത്. തീരുവ നവംബര്‍ ഒന്നിന് നിലവില്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലീനത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റും എന്നുറപ്പാണ്.