Fincat

മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ സ്വർണം നഷ്ടമായി; ചുമട്ടുതൊഴിലാളികളുടെ ഇടപെടലിൽ തിരികെ ലഭിച്ചു

എറണാകുളം: കൂത്താട്ടുകുളത്ത് വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി ചുമട്ടുതൊഴിലാളികള്‍. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ് ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്. ബുധനാഴ്ച്ചയോടെയാണ് പുതുവേലി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ പക്കല്‍ നിന്നാണ് വളയും മാലയുമടങ്ങിയ ആഭരണ പൊതി നഷ്ടപ്പെട്ടത്.

കൂത്താട്ടുകുളം ടൗണിലെ പലചരക്ക് കടയില്‍ നിന്നാണ് സിഐടിയു വിഭാഗം ചുമട്ടുതൊഴിലാളികളായ സിബി, സന്തോഷ് എന്നിവര്‍ക്ക് പൊതി ലഭിക്കുന്നത്. പൊതിയില്‍ സ്വര്‍ണമാണെന്ന് മനസിലായതോടെ വിവരം പലചരക്ക് കടക്കാരനെ അറിയിച്ചു. കടയുടമയുടെ നിര്‍ദേശ പ്രകാരമായിരുന്നു ആഭരണ പൊതി ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്.

സ്വര്‍ണം നഷ്ടമായെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ രാവിലെ സാധനം വാങ്ങിക്കാനെത്തിയ പലചരക്ക് കടയില്‍ എത്തി സ്വര്‍ണം നഷ്ടമായ വിവരം അറിയിച്ചു. തുടര്‍ന്ന് സിഐടിയു തൊഴിലാളികളായ കെ. പ്രകാശ്, വി.ആര്‍. സിജു എന്നിവരും സ്റ്റേഷനിലെത്തി. എസ്‌ഐ രഞ്ജു മോളില്‍നിന്ന് ആഭരണപ്പൊതി ഓട്ടോ തൊഴിലാളി ഏറ്റുവാങ്ങി.

സിഐടിയും തൊഴിലാളികളെ സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷ്, ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.