പടക്കം വാങ്ങാൻ പണമില്ല; വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു 4 പേർക്ക് പരിക്ക്
ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് 19കാരന്‍ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലാണ് സംഭവം. സഹോദരന്മാരായ ഗുര്‍നാം സിംഗ്, സത്‌നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 19 വയസുകാരനായ മന്‍പ്രീതാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ലവ്പ്രീത് സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ചൊവ്വാഴ്ച്ച രാത്രിയോടെ കുടുംബാംഗങ്ങളായ ആറ് പേര്‍ ചേര്‍ന്ന് സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടു, മറ്റൊരാള്‍ക്ക് ഇരു കൈകള്‍ക്കും പൊള്ളലേറ്റു, ഒരാള്‍ക്ക് താടിയെല്ലിന് സാരമായ പരിക്കുണ്ട് എന്നാണ് വിവരം. ദരിദ്ര കുടുംബമായതിനാല്‍ പടക്കം വാങ്ങാന്‍ പണമില്ലായിരുന്നെന്നും അതിനാലാണ് ഇവര്‍ സ്വന്തമായി പടക്കം നിര്‍മിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.