റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക
റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യൻ എണ്ണ കമ്പനികൾക്കുനേരെയുള്ള ഉപരോധം. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചകൾ എങ്ങുമെത്താറില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ കുത്തനെ കുറയ്ക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നത് ക്രമേണയാണെങ്കിലും ഗണ്യമായിരിക്കുമെന്നും നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നാണെന്നും ട്രംപ് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
എന്നാൽ റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈനയ്ക്ക് മേൽ യുഎസ് തീരുവ ചുമത്തിയിട്ടില്ല. റഷ്യയുടെ അധിനിവേശത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ റഷ്യൻ എണ്ണയുടെ വിലയ്ക്ക് 60 ഡോളർ പരിധി ഏർപ്പെടുത്തിയത് സമീപ വർഷങ്ങളിൽ റഷ്യയുടെ എണ്ണ ഉപഭോക്താക്കളെ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് മാറ്റിയിരുന്നു.ഇന്നലെ റഷ്യ യുക്രെയ്‌നിൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.