8 ടാസ്കുകൾ, 56 പോയിന്റ്; എതിരാളികളെ നിലംപരിശാക്കി സധൈര്യം മുന്നോട്ട്, ടിക്കറ്റ് ടു ഫിനാലെ നേടി നൂറ

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒൻപത് മത്സരാർത്ഥികളുമായി മത്സരം കടുത്തുകൊണ്ടിരിക്കുന്ന ഈ ആഴ്ചയിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എട്ട് ടാസ്കുകൾ ഉള്ള ഗെയിമിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടുന്ന മത്സരാർത്ഥിക്ക് നേരിട്ട് ഗ്രാൻഡ് ഫിനാലെയിലേക്ക് എൻട്രി ലഭിക്കുമെന്നത് കൊണ്ട് തന്നെ എല്ലാവരും വലിയ വാശിയോടെയാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളെ നോക്കികാണുന്നത്. എട്ടാമത്തെയും അവസാനത്തെയും ടാസ്ക് ആയ ഉല്ലാസ യാത്ര ഒരു എൻഡ്യൂറൻസ് ടാസ്ക് ആണ്. ഏറ്റവും കൂടുതൽ സമയം നൽകിയിരിക്കുന്ന കാറിൽ ആരാണോ ഇരിക്കുന്നത് അയാളാണ് ഈ ടാസ്കിൽ വിജയിക്കാൻ പോവുന്നത്.
ടാസ്ക് തുടങ്ങി ആദ്യം പുറത്തായത് നെവിൻ ആണ്. അതിനിടയിൽ അനീഷിനെ തള്ളി പുറത്തിടാൻ നൂറയും ആര്യനും ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് ഫെയർ ഗെയിം അല്ലെന്നാണ് അനീഷ് നിരന്തരം പറയാൻ ശ്രമിക്കുന്നത്. പുറകിൽ നിന്നും അനീഷിന്റെ ഡോർ അൺലോക്ക് ചെയ്തുകൊണ്ട് അയാളെ പുറത്താക്കാൻ ആദിലയും ശ്രമിക്കുന്നുണ്ട്.
രണ്ടാമതായി സാബുമാനും മൂന്നാമതായി ആദിലയും പുറത്തുപോവുന്നു. തുടർന്ന് അനുമോൾ, അനീഷ് എന്നിവരും പുറത്തായി. അവസാന മൂന്നിൽ അക്ബർ, ആര്യൻ, നൂറ എന്നിവരാണ് അവശേഷിച്ചിരിക്കുന്നത്. അതിൽ അക്ബർ, നൂറ എന്നിവർ സ്വയം പുറത്തിറങ്ങിയതോടെ ആര്യൻ ആണ് ഉല്ലാസയാത്ര ടാസ്കിൽ വിജയിച്ചിരിക്കുന്നത്.
വ്യക്തമായ ലീഡ്, കരുത്തുറ്റ മത്സരം
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ അവസാനിച്ചപ്പോൾ നൂറയാണ് ഏറ്റവും കൂടുതൽ പോയന്റുകൾ നേടി വിജയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നൂറയാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് എൻട്രി നേടിയിരിക്കുന്നത്. മത്സര ശേഷം ആദിലയോട് നൂറ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. നമ്മൾ മൂന്ന് പെൺകുട്ടികളിൽ ആരെങ്കിലും ടിക്കറ്റ് ടു ഫിനാലെ വിജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് നൂറ പറയുന്നത്. അഞ്ച് പോയന്റുകളുടെ വ്യത്യാസത്തിലാണ് നൂറ ഗ്രാൻഡ് ഫിനാലെയിലേക്ക് എൻട്രി നേടിയിരിക്കുന്നത്. രണ്ടാമതെത്തിയ ആര്യന് നേടായനായത് 51 പോയന്റുകൾ മാത്രമായിരുന്നു.
