Fincat

ഷാര്‍ജയില്‍ നവംബര്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത നിയമം; പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ്


ഷാര്‍ജയില്‍ നവംബര്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ നിയമ പ്രകാരം ബൈക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്കായി പ്രത്യേക ലൈനുകള്‍ അനുവദിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ സുരക്ഷ ഉറപ്പാക്കി ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗതാഗത നിയമം നടപ്പിലാക്കുന്നത്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ഷാര്‍ജ പൊലീസിന്റെ നടപടി. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന നിയമപ്രകാരം എമിറേറ്റിലെ പ്രധാന റോഡുകളില്‍ നിയുക്ത ലൈനുകളിലൂടെ മാത്രമെ മോട്ടോര്‍ സൈക്കിളുകള്‍, ഡെലിവറി ബൈക്കുകള്‍,ഹെവി വാഹങ്ങള്‍, ബസുകള്‍ എന്നിവക്ക് സഞ്ചരിക്കാന്‍ അനുവാദം ഉണ്ടാവുകയുള്ളു. റോഡിന്റെ വലതുവശത്തെ ലൈന്‍ ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വേണ്ടിയുള്ളതായിരിക്കും.

അതേസമയം നാല് വരി പാതകളുള്ള റോഡാണെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വലതുവശത്ത് നിന്ന് മൂന്നാമത്തെയും നാലാമത്തെയും ലൈനുകള്‍ ഉപയോഗിക്കാനാകും. മൂന്ന് വരികളുള്ള റോഡുകളില്‍ മധ്യഭാഗത്തെയും വലത് വശത്തെയും പാതകളാണ് ഇവര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
രണ്ട് വരികളുള്ള റോഡുകളില്‍ വലത് ലൈനിലൂടെ മാത്രമെ ബൈക്ക് റൈഡര്‍മാര്‍ സഞ്ചരിക്കാന്‍ പാടുള്ളുവെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സ്മാര്‍ട്ട് റഡാറുകള്‍, നൂതന ക്യാമറ സംവിധാനങ്ങള്‍, ട്രാഫിക് പട്രോളിംഗ് എന്നിവയിലൂടെ 24 മണിക്കൂറും നിരീക്ഷണം നടത്തും. നിയമം ലംഘിക്കുന്ന ഹെവി വാഹനങ്ങള്‍ക്ക് 1,500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് അഞ്ഞൂറ് ദിര്‍ഹമാണ് പിഴ.