Fincat

വിദ്യാഭ്യാസ രംഗത്തെ കേരളത്തിൻറെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു

പാലാ: വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കോട്ടയം പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സാക്ഷരത, വിദ്യാഭ്യാസം എന്നിവയിലെ കേരള മോഡലിനെ പുകഴ്ത്തിയ രാഷ്ട്രപതി, ഇവ രണ്ടും ചേർന്നാണ് മാനവവികസന സൂചികകളിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാക്കി കേരളത്തെ മാറ്റിയതെന്ന് പറഞ്ഞു.

1 st paragraph

21ാം നൂറ്റാണ്ടിനെ അറിവിന്റെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. അറിവാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അത് സ്വാശ്രയത്വം നൽകും. പാലാ സെയ്ന്റ് തോമസ് കോളേജ് പോലുള്ള മികച്ച സ്ഥാപനങ്ങൾ വ്യക്തിയുടെ ഭാവിയെയും വിധിയെയും രൂപപ്പെടുത്തുന്ന പണിപ്പുരകളാണ്. ശ്രീനാരായണ ഗുരുവെന്ന മഹാനായ സാമൂഹിക പരിഷ്‌കർത്താവ് പറഞ്ഞത് വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിയുടെയും സമൂഹത്തിന്റെയും വഴികളിൽ പ്രകാശം പകരുന്നു. കോട്ടയത്തെ പാലയ്ക്ക് തൊട്ടടുത്തുള്ള ഉഴവൂർ ഗ്രാമത്തിൽ ജനിച്ച കെ ആർ നാരായണൻ എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് രാജ്യത്തെ പരമോന്നത പദവിവരെയെത്തി. ഇന്ത്യയുടെ ശക്തി വരച്ചുകാട്ടുന്ന ആ ജീവിതം പ്രചോദനം പകരുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

കോട്ടയത്തെയും കോട്ടയം രാജ്യത്തിന് നൽകിയ സംഭാവനകളും എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. വികസനത്തിന്റെയും വളർച്ചയുടെയും അവസരങ്ങൾ കണ്ടെത്താനുള്ള താക്കോലാണ് വിദ്യാഭ്യാസം. വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയിലേക്കുള്ള പാത പ്രകാശിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണെന്നും രാഷ്ട്രപതി പറഞ്ഞു.

2nd paragraph

നാല് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ഇന്ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് തിരിക്കുക. ശബരിമല സന്ദർശിച്ച രാഷ്ട്രപതി ശിവഗിരിയിൽ ശ്രീനാരായണ ഗുരുസമാധി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.