Fincat

മലപ്പുറം പോത്ത്കല്ലിൽ ശക്തമായ ചുഴലിക്കാറ്റ്, നിരവധി മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. രാത്രി 8 മണി മുതൽ തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂർ നീണ്ടുനിന്നു.

അതേ സമയം, പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്നുവീണു. മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീട് തകർന്നു. വീടിനകത്ത് സുരേന്ദ്രനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽകൂര പൂർണ്ണമായും നിലം പതിച്ചു. മേൽക്കൂരയോടൊപ്പം വീടിന്റെ പിൻവശത്തെ ചുമരും പുറത്തേക്ക് തകർന്ന് വീണതോടെ ഇവിടെ നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. മേൽക്കൂരയുടെ വീഴ്ചയുടെ ആഘാതത്തിൽ മറ്റു ചുമരുകൾക്കും കാര്യമായ വിള്ളൽ വീണതിനാൽ വീട് വാസയോഗ്യമല്ലാതായതായി സുരേന്ദ്രൻ പറഞ്ഞു. വീട്ടിലെ നിരവധി ഗൃഹോപകരണങ്ങളും മറ്റു വസ്തുക്കളും പൂർണ്ണമായും നശിച്ചു.