സമവായത്തിലേക്ക് അടുക്കുമോ?; തർക്കങ്ങൾക്കിടെ ട്രംപ്- ഷി കൂടിക്കാഴ്ച ഉടൻ

വാഷിങ്ടൺ: വ്യാപാര സംഘർഷങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഏഷ്യൻ രാജ്യ സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തി. ഒക്ടോബർ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ- പസഫിക് എക്കണോമിക് കോ ഓപ്പറേഷൻ ഉച്ചകോടിയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങൾ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഏഷ്യൻ-പസഫിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തതിനു ശേഷം ചൈനിസ് പ്രസിഡന്റിനെ കാണുമെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാര തർക്കങ്ങൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. ചൈനയ്ക്ക് മേൽ താരിഫ് 150 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് തങ്ങൾ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്‌നങ്ങളിലും പരസ്പര തർക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
2019ന് ശേഷം ട്രംപും ഷീയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്. 2019ൽ ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്.
