ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍; ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.
