Fincat

ഇന്ത്യൻ, ചൈനീസ് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ; 45 കമ്പനികൾക്കെതിരെ ഉപരോധം

ദില്ലി: റഷ്യൻ സൈന്യത്തിന് സഹായം നൽകിയെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യൻ കമ്പനികളടക്കം 45 കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. യുക്രൈനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന 19ാം പാക്കേജിൻ്റെ ഭാഗമായാണ് ഉപരോധം ഏർപ്പെടുത്തിയത്. വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ഉപരോധം നേരിടുന്നവയിൽ 17 കമ്പനികളും റഷ്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇതിൽ 12 എണ്ണം ചൈന, ഹോങ് കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. മൂന്നെണ്ണം ഇന്ത്യൻ കമ്പനികളും രണ്ടെണ്ണം തായ്‌ലൻഡ് കമ്പനികളുമാണ്. ഏയ്റോട്രസ്റ്റ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, അസെൻ്റ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ എന്റർപ്രൈസസ് എന്നിവയാണ് ഉപരോധം നേരിടുന്ന ഇന്ത്യൻ കമ്പനികൾ.

ഈ കമ്പനികൾ റഷ്യൻ സൈന്യത്തിന് നേരിട്ട് സഹായം നൽകിയെന്നാണ് യൂറോപ്യൻ യൂണിയൻ്റെ ആരോപണം. കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ ഉപകരണങ്ങൾ, മൈക്രോ ഇലക്ട്രോണിക്സ്, യുഎവി തുടങ്ങി അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ റഷ്യക്ക് ഈ കമ്പനികൾ എത്തിച്ചുനൽകിയെന്നാണ് ആരോപണം. യൂറോപ്യൻ യൂണിയൻ്റെ ഉപരോധം നിലനിൽക്കെയാണ് ഈ നീക്കം.

ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ആദ്യം എതിർത്ത സ്ലോവാക്യ പിന്നീട് തങ്ങളുടെ വിയോജിപ്പിൽ നിന്ന് പിന്മാറി. റഷ്യയിൽ നിന്ന് എൽഎൻജി ഇറക്കുമതി നിരോധിക്കാനും 19ാം പാക്കേജിൽ പ്രഖ്യാപനമുണ്ട്. ഇത് രണ്ട് ഘട്ടമായാണ് നടപ്പാക്കുക. എൽഎൻജിയുമായി ബന്ധപ്പെട്ട ഹ്രസ്വ കാല കരാറുകൾ ആറ് മാസത്തിനുള്ളിൽ നിർത്തും. ദീർഘകാല കരാറുകൾ 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കും. അതേസമയം റഷ്യയിൽ നിന്നുള്ള പൈപ്പ്ലൈൻ ഗ്യാസിനും ക്രൂഡ് ഓയിലിനും ഈ നിരോധനമില്ല.