ട്രംപ് കാലുവാരിയാലും ഇന്ത്യ വീഴില്ല; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് തുടരും; ചൈനയേയും മറികടന്ന് മുന്നോട്ടെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്

ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6% ആയിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 4.8% നെക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യ. യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയുടെ ആഘാതത്തെപ്പോലും മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ശക്തമായ ആഭ്യന്തര ഉപഭോഗം, ഉണര്‍വിലേക്ക് വരുന്ന ഉത്പാദന മേഖല , സേവന മേഖലയുടെ പുരോഗതി എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കാരണം. എന്നാല്‍, 2026-ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഐഎംഎഫ് 6.2% ആയി കുറച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട കുതിപ്പ് അതേ വേഗതയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ലെന്ന സൂചനയാണ് ഇതിന് പിന്നില്‍. യുഎസിന്റെ നയങ്ങളും നയപരമായ അനിശ്ചിതത്വവും കാരണം ആഗോള വ്യാപാരം തടസ്സപ്പെടുമ്പോഴും ഇന്ത്യ വളര്‍ച്ചാ വേഗം നിലനിര്‍ത്തും. 2025-ല്‍ ആഗോള ജിഡിപി വളര്‍ച്ച 3.2% ആയും 2026-ല്‍ 3.1% ആയും കുറയുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. വികസിത രാജ്യങ്ങളുടെ ശരാശരി വളര്‍ച്ച 1.6% മാത്രമായിരിക്കും. സ്പെയിന്‍ (2.9%), യുഎസ് (1.9%) എന്നിവ നേരിയ വളര്‍ച്ച നേടും. ജപ്പാന്‍ (1.1%), കാനഡ (1.2%) എന്നിവിടങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാകും.
തീരുവയുടെ ആഘാതം പ്രതീക്ഷിച്ചതിലും കുറവ്
ചൈനീസ്, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത് സാമ്പത്തിക രംഗത്ത് വലിയ ഇടിവുണ്ടാക്കുമെന്ന ഭയം നിലനിന്നിരുന്നു. എന്നാല്‍, ഐഎംഎഫ് പറയുന്നത് പ്രകാരം അതിന്റെ യഥാര്‍ഥ ആഘാതം പരിമിതമായിരിക്കും എന്നാണ്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും, ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങളും, സ്വകാര്യ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനയും ഈ ആഘാതത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
