അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർത്ഥാടകർക്ക് നൽകിയത് 40 ലക്ഷത്തോളം ഉംറ വിസകൾ

റിയാദ്: പുതിയ ഉംറ സീസണിന്‍റെ ആരംഭം പ്രഖ്യാപിച്ചതിനു ശേഷം വിദേശത്തു നിന്നുള്ള തീർഥാടകർക്ക് നൽകിയ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട്. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിനുള്ളിലാണ് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം റെക്കോർഡ് കൈവരിച്ചത്. ഏറ്റവും കൂടുതൽ ഉംറ വിസ നൽകപ്പെട്ടത് പാകിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാർക്കാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽഅറബിയ നെറ്റ്’ പറഞ്ഞു.
അതേ സമയം, സൗദിക്ക് പുറത്തുനിന്നുള്ള തീർഥാടകർക്ക് സർക്കാർ സേവനങ്ങൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നുസുക് ആപ്പ് വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് സാധ്യമാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടക അനുഭവത്തെ പിന്തുണയ്ക്കുന്ന വൈവിധ്യമാർന്ന ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം എളുപ്പത്തിൽ പെർമിറ്റുകൾ ബുക്ക് ചെയ്യാനും നൽകാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. സുഗമമായ നടപടിക്രമങ്ങളും സുസ്ഥിരമായ പുരോഗതിയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പുതിയ സീസണിനായുള്ള സാങ്കേതികവും പ്രവർത്തനപരവുമായ തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.
