ക്രൂഡ് ഓയിൽ വിലയിൽ കുറവ് തുടരുന്നു; പെട്രോൾ, ഡീസൽ വില താഴുമെന്ന പ്രതീക്ഷയിൽ യുഎഇ

യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡിസൽ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യത. ഈ മാസം അവശേഷിക്കുന്ന ദിവസങ്ങളിലും ആഗോള അസംസ്‌കൃത എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ മാത്രമാണ് ഇത് സംഭവിക്കുക. ഒക്ടോബറിൽ ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 65 ഡോളറാണ് വില. സെപ്റ്റംബറിൽ ഇത് ബാരലിന് 67 ഡോളറായിരുന്നു. മാസാവസാനമുള്ള ക്രൂഡ് ഓയിൽ നിരക്കിന് അനുസരിച്ചാണ് യുഎഇയിൽ അടുത്ത മാസത്തെ പെട്രോൾ, ഡീസൽ വില ക്രമീകരിക്കുന്നത്.
ഒക്ടോബർ മാസം കൂടുതൽ ദിവസങ്ങളിലും ക്രൂഡ് ഓയിൽ വിലയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഏകദേശം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ക്രൂഡ് ഓയിൽ വിലയെത്തിയിരുന്നു. എന്നാൽ റഷ്യൻ എണ്ണക്കമ്പനികൾക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള എണ്ണവില വീണ്ടും ഉയർന്നിട്ടുണ്ട്.
ഒക്ടോബർ 31നാണ് യുഎഇയിൽ അടുത്ത മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിക്കുന്നത്. ഈ മാസം സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 77 ഫിൽസാണ് വില. സ്പെഷ്യല്‍ 95 പെട്രോൾ വില 2 ദിര്‍ഹം 66 ഫിൽസും വിലയുണ്ട്. ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സാണ് ഒക്ടോബർ മാസത്തെ വില. ഡീസലിന് 2 ദിര്‍ഹം 71 ഫില്‍സ് വിലയാണുള്ളത്.
