‘ഫൈനല്‍ ഫൈവി’ലെ ആദ്യ എന്‍ട്രി; ടിക്കറ്റ് ടു ഫിനാലെ ടൈറ്റില്‍ ഏറ്റുവാങ്ങി നൂറ

ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ആഴ്ചകളിലൊന്നാണ് ടിക്കറ്റ് ടു ഫിനാലെ നടക്കുന്ന വാരം. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ നടക്കുന്ന ഒരു കൂട്ടം ടാസ്കുകളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്ക് 13-ാം ആഴ്ചയിലെ നോമിനേഷനില്‍ പെടാതെ നേരിട്ട് ഫൈനല്‍ ഫൈവിലേക്ക് ഇടം ലഭിക്കും എന്നതാണ് ടിക്കറ്റ് ടു ഫിനാലെയുടെ പ്രത്യേകത. ഇത്തവണ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഗെയിമര്‍ എന്ന നിലയില്‍ ഇത്ര നാളും പ്രശംസിക്കപ്പെടാതിരുന്ന ഒരു മത്സരാര്‍ഥിയാണ് ടിക്കറ്റ് ടു ഫിനാലെ വിജയി ആയത് എന്ന പ്രത്യേകതയുമുണ്ട്. നൂറ ആണ് സീസണ്‍ 7 ലെ ടിക്കറ്റ് ടു ഫിനാലെ വിജയി. ഇന്നത്തെ എപ്പിസോഡില്‍ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതിനുള്ള മൊമെന്‍റോ ബിഗ് ബോസ് നൂറയ്ക്ക് സമ്മാനിച്ചു.
മോഹന്‍ലാല്‍ അറിയിച്ചതനുസരിച്ച് ആര്യനാണ് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന മൊമെന്‍റോ എടുത്തുകൊണ്ടുവന്നത്. ആര്യനോട് തന്നെയാണ് അത് നൂറയ്ക്ക് സമ്മാനിക്കാനും മോഹന്‍ലാല്‍ പറഞ്ഞത്. എട്ട് ടാസ്കുകള്‍ ഉണ്ടായിരുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ആര്യന്‍ ആയിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യനില്‍ നിന്നും നൂറ ഫലകം ഏറ്റുവാങ്ങിയത്. സഹമത്സരാര്‍ഥികള്‍ നൂറയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മോഹന്‍ലാല്‍ വേദി വിട്ടതിന് ശേഷം തന്‍റെ പങ്കാളിയായ ആദിലയോട് താന്‍ എത്രത്തോളം ആഗ്രഹിച്ചിരുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെയിലെ ഒന്നാം സ്ഥാനമെന്ന കാര്യം നൂറ പറഞ്ഞു. തന്‍റെ സ്വപ്നമായിരുന്നു ഇതെന്നും യാഥാര്‍ഥ്യത്തിലേക്ക് താന്‍ ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്നും നൂറ പറഞ്ഞു. തങ്ങളുടെ ഭാവിയിലെ വീട്ടില്‍ കയറിച്ചെല്ലുന്നിടത്തുതന്നെ ഇത് വെക്കണമെന്ന അഭിപ്രായം ആദിലയും പങ്കുവച്ചു.
ഒരു പെണ്‍കുട്ടി ടിക്കറ്റ് ടു ഫിനാലെയില്‍ വിജയിക്കണമെന്ന തന്‍റെ ആഗ്രഹത്തെക്കുറിച്ച് നൂറ മുന്‍പും പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ എന്ന നിലയില്‍ ജീവിതത്തില്‍ തങ്ങള്‍ പലപ്പോഴും നേരിട്ടിട്ടുള്ള വേര്‍തിരിവിനെക്കുറിച്ച് ആദില നൂറയെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസില്‍ എത്തിയപ്പോഴും സ്ത്രീകള്‍ എന്ന നിലയില്‍ തങ്ങളെ ചെറുതായി കണ്ടവര്‍ ഉണ്ടായിരുന്നുവെന്നും ആദില പറയുന്നുണ്ടായിരുന്നു. അതേസമയം എട്ട് ടാസ്കുകളില്‍ നിന്ന് 56 പോയിന്‍റുകളുമായാണ് നൂറ ഫൈനല്‍ ഫൈവില്‍ എത്തിയത്. 51 പോയിന്‍റുകളുമായി ആര്യന്‍ രണ്ടാം സ്ഥാനത്തും 45 പോയിന്‍റുകളുമായി അക്ബര്‍ മൂന്നാം സ്ഥാനത്തും എത്തി.
