ചൈനയ്ക്ക് ട്രംപ് നൽകിയ സമയം കഴിയാൻ 5 ദിവസം മാത്രം, തീരുവ 155 ശതമാനമാകുമോ?

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമാകുമോ? നവംബര്‍ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒരു കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. യുഎസിനെ മുന്‍പ് ചൂഷണം ചെയ്ത പല രാജ്യങ്ങളുമായും തന്റെ ഭരണകൂടം വ്യാപാര കരാറുകള്‍ക്ക് രൂപം നല്‍കിയതായി ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഭരണകൂടം അന്യായമായ വ്യാപാര രീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിലവിലെ 55 ശതമാനം തീരുവകള്‍ക്ക് പുറമെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ചുമത്താനും, എല്ലാ നിര്‍ണ്ണായക സോഫ്റ്റ്വെയറുകള്‍ക്കും നവംബര്‍ 1 മുതല്‍ പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.
ഷി ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയില്‍ വെച്ച് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് സ്ഥിരീകരിച്ചു. തങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ടെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചൈനയും താനും ചേര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും ഗുണകരമായ ഒരു മികച്ച വ്യാപാര കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ, ഈ ആഴ്ച മലേഷ്യയില്‍ യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍, ചൈന കഴിഞ്ഞ സെപ്റ്റംബറില്‍ ചൈന യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്തില്ല എന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ അഭിപ്രായപ്രകടനങ്ങള്‍.
