‘മണി വീക്കി’ലും ഇത്തവണ വ്യത്യസ്തതയുമായി ബിഗ് ബോസ്; ‘ബിഗ് ബാങ്ക് വീക്കി’ന് ഇന്ന് തുടക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും രണ്ടാഴ്ച കൂടി മാത്രം. വരാനിരിക്കുന്ന രണ്ടാമത്തെ ഞായറാഴ്ച ഈ സീസണിന്‍റെ വിജയിയെ അറിയാം. എട്ട് പേര്‍ അവശേഷിക്കുന്ന ഹൗസില്‍ നിന്ന് ടോപ്പ് 5 ലേക്ക് എത്താന്‍ എവിക്റ്റ് ആവേണ്ടത് ഇനി മൂന്ന് പേര്‍ മാത്രം. പതിവിന് വിപരീതമായി ഒരു മത്സരാര്‍ഥിക്ക് വലിയ ഭൂരിപക്ഷം ഇല്ലാത്ത സീസണ്‍ ആയതിനാല്‍ ടൈറ്റില്‍ വിജയി ആരായിരിക്കുമെന്ന കാര്യം ഇപ്പോഴും പ്രവചനാതീതമായി തുടരുകയാണ്. അതേസമയം ഒരു സീസണില്‍ കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കും ഏറ്റവും കൗതുകവും ആവേശവും പകരുന്ന ഒരു കാര്യത്തിന് ഹൗസില്‍ ഇന്ന് തുടക്കമാവുകയാണ്. മണി വീക്ക് ആണ് അത്.
മത്സരാര്‍ഥികള്‍ക്ക് വലിയ തുകകള്‍ സമ്മാനമായി നേടാവുന്ന ആഴ്ച ആണ് ഇത്. എന്നാല്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യാസപ്പെട്ട രീതിയിലാണ് മണി വീക്കും സീസണ്‍ 7 ല്‍ ബിഗ് ബോസ് പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്. ഈ ആഴ്ച നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്ന മണി വീക്ക് ആണെന്നും അതിന്‍റെ ആദ്യ ഘട്ടം പണപ്പെരുമഴ എന്ന പേരിലാണെന്നും പുറത്തെത്തിയ പ്രൊമോയില്‍ ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിക്കുന്നുണ്ട്. നെവിന് ഈ ടാസ്കില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ബിഗ് ബോസ് എടുത്ത് പറയുന്നുണ്ട്. അനൗണ്‍സ്മെന്‍റിന് പിന്നാലെ ഹൗസിന് പുറത്ത് ബിഗ് ബോസ് നോട്ടുകള്‍ പറപ്പിക്കുന്നതും മത്സരാര്‍ഥികള്‍ അത് വാരിക്കൂട്ടാനായി മത്സരിക്കുന്നതും കാണാം. അതേസമയം ബിഗ് ബോസിന്‍റെ മുന്നറിയിപ്പിന് ശേഷവും നോട്ടുകള്‍ എടുക്കുന്ന നെവിനെയും പ്രൊമോയില്‍ കാണാം. ബിഗ് ബാങ്ക് വീക്ക് എന്നാണ് മണി വീക്കിന് ഇക്കുറി ബിഗ് ബോസ് നല്‍കിയിരിക്കുന്ന പേര്.
കഴിഞ്ഞ വാരം ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത് ഉണ്ടായ മോശം പെരുമാറ്റത്തിന്‍റെനുള്ള ശിക്ഷാനടപടി എന്ന നിലയ്ക്കാണ് മണി വീക്കില്‍ നെവിന് ബാന്‍ കിട്ടിയത്. നെവിനുമായുള്ള തര്‍ക്കം മൂര്‍ച്ചിച്ചതിന് പിന്നാലെ ഷാനവാസ് ഹൗസില്‍ കുഴഞ്ഞ് വീണിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ മൂന്ന് ദിവസം ഷാനവാസിന് ഹൗസിന് പുറത്ത് കഴിയേണ്ടതായും വന്നു. ശിക്ഷാനടപടിയുടെ കാര്യം മോഹന്‍ലാലാണ് ഇന്നലത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ നെവിനെ അറിയിച്ചത്.
