Fincat

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റ്; അം​ഗീകാരം നൽകി മന്ത്രിസഭ

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റിന് അം​ഗീകാരം നൽകി മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ഖസർ അൽ വതനിൽ നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. 2026-ലെ വാർഷിക ബജറ്റ് പ്രകാരം 92.4 ബില്യൻ ദിർഹം വരുമാനവും അതിന് തുല്യമായ ചെലവും രാജ്യത്ത് പ്രതീക്ഷിക്കുന്നു.

യുഎഇ സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും വലിയ ഫെഡറൽ ബജറ്റാണിത്. ഫെഡറൽ സംവിധാനം ശക്തമാക്കാനും സുസ്ഥിരമായ വികസനത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഉറപ്പിക്കാനും ഈ ബജറ്റ് സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു. സാമൂഹിക വികസനത്തിനാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ഇതിനായി ബജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കിവച്ചിരിക്കുന്നു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക കാര്യങ്ങൾ, പെൻഷൻ എന്നിവയ്ക്കായും വലിയ തുക വകയിരുത്തിയിട്ടുണ്ട്.

2024-ൽ യുഎഇയുടെ വിദേശ നിക്ഷേപം 1.05 ദിർഹമിലെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വളർച്ചയാണ് വിദേശ നിക്ഷേപത്തിൽ യുഎഇ നേടിയത്. 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ, യുഎഇ കയറ്റുമതി വികസന നയം നടപ്പാക്കിയതാണ് വിദേശ നിക്ഷേപം ഉയരാൻ കാരണമായത്.