സംസ്ഥാനത്ത് ആശങ്കയായി കോളറ; കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആശങ്കയായി കോളറയും. എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. അമീബിക് മസ്തിഷ്കജ്വര കേസുകൾ ഉയരുന്നതിനിടെയാണ് കോളറയും സ്ഥിരീകരിച്ചത്. 56 പേർക്കാണ് ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. 9 മരണവും ഈ മാസം ഉണ്ടായി. വൃത്തിഹീനമായ മലിനജലത്തിലൂടെയാണ് രണ്ട് രോഗവും പകരുന്നത്.
കുറേ മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കോളറ റിപ്പോർട്ട് ചെയ്തത്. ഈ മാസം 25-ാം തീയതി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച കണക്കിലാണ് സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്തതായി പറഞ്ഞിട്ടുള്ളത്. നേരത്തെ തന്നെ ഒരു മരണവും കോളറ മൂലം സംസ്ഥാനത്ത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മസ്തിഷ്കജ്വര കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തല കോളറയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തുന്നുണ്ട്.
144 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ആകെ മരണം മുപ്പതും കടന്നിട്ടുണ്ട്. ഈ മാസം മാത്രം 56 പേർക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ വലിയ പ്രതിരോധ പ്രവർത്തനങ്ങളൊക്കെ ഒരുവശത്ത് പുരോഗമിരക്കുകയാണ്. 25-ാം തീയതിയാണ് ആരോഗ്യവകുപ്പിന്റെ കണക്ക് അവസാനമായി പ്രസിദ്ധീകരിച്ചത്. കോളറയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും ആരോഗ്യവകുപ്പ് അറിയിച്ചു.
