Fincat

ഇന്ന് മഴ കനക്കും, 10 ജില്ലകളില്‍ അലര്‍ട്ട്, അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഈ ദിവസങ്ങളില്‍ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദം

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബര്‍ 27-നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും. ഒക്ടോബര്‍ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

മോന്ത ചുഴലിക്കാറ്റ് നാളെ തീരം തൊടും

അതേസമയം, അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട ‘മോന്ത’ (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ശേഷം ആന്ധ്രാപ്രദേശ് തീരത്തായിരിക്കും മോന്ത കരയില്‍ പ്രവേശിക്കുക. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എന്‍.ഡി.ആര്‍.എഫ്. (NDRF), എസ്.ഡി.ആര്‍.എഫ്. (SDRF) സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.കേരളത്തിലെ മഴയും, സമീപ സംസ്ഥാനങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റും പരിഗണിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.