ബസിനുള്ളില്‍ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച പെരിന്തല്‍മണ്ണ സ്വദേശിയെ തിരിച്ചറിഞ്ഞു

പെരിന്തല്‍മണ്ണ കാപ്പുപറമ്പില്‍ സ്വകാര്യ ബസില്‍ വെച്ച് വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. താഴേക്കോട് സ്വദേശിയായ ഷഹീര്‍ ബാവയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു. വൃദ്ധനെ ഷഹീര്‍ ബാവ ബസില്‍വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രകചരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ഹംസയ്ക്ക് മര്‍ദ്ദനമേറ്റത്. തിരക്കേറിയ ബസില്‍ കാലില്‍ ചവിട്ടിയത് ഹംസ ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഹംസയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രായമായ ആളെ മര്‍ദ്ദിക്കുന്നത് സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, യുവാവ് അവര്‍ക്കെതിരെയും തിരിഞ്ഞു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ആദ്യം പ്രതിയെ തിരിച്ചറിയാന്‍ പെരിന്തല്‍മണ്ണ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹംസയുടെ ബന്ധുക്കള്‍ പ്രദേശികമായി നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളിലുള്ളത് താഴേക്കോട് സ്വദേശിയായ ഷഹീര്‍ ബാവയാണെന്ന് തിരിച്ചറിഞ്ഞതും പോലീസിന് വിവരം നല്‍കിയതും.
