അടിമാലി മണ്ണിടിച്ചില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 45 കാരനായ ബിജു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്‌എഐയെ പ്രതി ചേർക്കണോ എന്നതില്‍ തീരുമാനമെടുക്കും. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് അടിമാലി കൂമ്ബൻപാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്ബള്ളിക്കുടിയില്‍ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. രാത്രി 10.20നുണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയുടെ ഇടതുകാലിനാണ് ഗുരുതര പരിക്കുള്ളത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവില്‍ ഇവർ ഐസിയുവില്‍ തുടരുകയാണ്.
എൻ എച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കയാണ്. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് കളക്ടർ അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്.
എന്നാല്‍ മണ്ണിടിച്ചിലില്‍ കൈകഴുകുന്ന സമീപനമാണ് ദേശീയപാത അതോറിറ്റിയില്‍നിന്നുണ്ടായത്.
അപകടമുണ്ടായ സ്ഥലത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് ഒരു നിർമാണവും നടന്നിട്ടില്ലെന്നും അപകടത്തില്‍ മരിച്ച ബിജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടില്‍ എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നുമാണ് എൻഎച്ച്‌എഐ വാർത്താകുറിപ്പില്‍ അറിയിച്ചത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നല്‍കിയിരുന്നതായും ദേശീയ പാത അതോറിറ്റി ന്യായീകരിച്ചു.
