എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

മാഡ്രിഡ്: എല്‍ക്ലാസിക്കോ പോരില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളിനാണ് റയലിന്റെ ജയം. 22ആം മിനിട്ടില്‍ കിലിയന്‍ എംബാപ്പേയാണ് റയലിനെ മുന്നിലെത്തിച്ചത്. 38ാം മിനുട്ടില്‍ ഫെര്‍മിന്‍ ലോപസ് ബാഴ്‌സലോണയെ ഒപ്പമെത്തിച്ചെങ്കിലും 43ആം മിനിട്ടില്‍ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ റയല്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ബാഴ്‌സ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
കഴിഞ്ഞ സീസണിലെ തുടരെയുള്ള തോല്‍വികള്‍ക്ക് സാന്റിയോഗോ ബെര്‍ണബ്യൂവില്‍ റയലിന്റെ മധുരപ്രതികാരം. ജയത്തോടെ 27 പോയിന്റുമായി സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നാം സ്ഥനത്ത് നിലയുറപ്പിച്ചു. 22 പോയിന്റുമായി ബാഴ്‌സ രണ്ടാമത്. മത്സര ശേഷം ഇരു ക്ലബിന്റെയും താരങ്ങള്‍ മൈതാനത്ത് പരസ്പരം ഏറ്റുമുട്ടി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബാഴ്‌സയുടെ പെഡ്രിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ അതിരുവിട്ടത്.
ആഴ്‌സണലിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് ജയം. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 39ആം മിനിട്ടില്‍ എബെറെച്ചി ഈസെയാണ് ഗണ്ണേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ തോല്‍പിച്ചു. 19ആം മിനിട്ടില്‍ മാറ്റി കാഷാണ് വില്ലയുടെ വിജയഗോള്‍ നേടിയത്. ആസ്റ്റണ്‍ വില്ല ലീഗിലെ തുടര്‍ച്ചയായ നാലാം ജയമാണ് സ്വന്തമാക്കിയത്.
