ഗാസയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പാലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യമന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104പേർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം എന്നാണ് റിപ്പോർട്ട് ഗാസ സിറ്റി, വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ, ഗാസ മുനമ്പിൻ്റെ മധ്യഭാഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ കനത്ത സ്ഫോടന ശബ്ദങ്ങൾ ഉണ്ടായതായും തീയും പുകയും ഉയർന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണങ്ങളിൽ 46 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ ആകെ 104 പേർ കൊല്ലപ്പെട്ടതായും 250ലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശക്തമായ ആക്രമണങ്ങൾ” നടത്താൻ ഐഡിഎഫിനോട് ഉത്തരവിട്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഒരു ഹ്രസ്വ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൻ്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഗാസയിൽ ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടത്തിയ ഹമാസ് വെടി നിർത്തൽ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ചെവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സൈനികരെ ആക്രമിച്ചതിനും ജീവൻനഷ്ടപ്പെട്ട ബന്ദികളെ തിരികെ നൽകാനുള്ള കരാർ ലംഘിച്ചതിനും ഹമാസ് പലമടങ്ങ് വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹമാസ് ആക്രമണത്തിൽ റിസർവ് സൈനികനായ മാസ്റ്റർ സർജന്റ് യോന എഫ്രയിം ഫെൽഡ്‌ബോം കൊല്ലപ്പെട്ടതായി ഐഡിഎഫ് ആരോപിച്ചിരുന്നു. ഗാസയ്ക്കുള്ളിൽ വെടിനിർത്തൽ കരാർ പ്രകാരം ഐഡിഎഫ് നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന “യെല്ലോ ലൈൻ” എന്നറിയപ്പെടുന്ന ഇസ്രായേൽ ഭാഗത്തുള്ള തെക്കൻ നഗരമായ റാഫയിലാണ് ആക്രമണം നടന്നതെന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. റഫയിൽ ഒരു ഭൂഗർഭ തുരങ്ക പാത പൊളിച്ചുമാറ്റുകയായിരുന്ന ഐഡിഎഫ് എഞ്ചിനീയറിംഗ് സംഘത്തിന്റെ വാഹനങ്ങളിലൊന്നിന് നേരെ ഹമാസ് നടത്തിയ വെടിവയ്പ്പിൽ സാർജന്റ് ഫെൽഡ്‌ബോം കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രദേശത്തെ സൈനികരുടെ മറ്റൊരു കവചിത വാഹനത്തിന് നേരെ നിരവധി ടാങ്ക് വേധ മിസൈലുകൾ തൊടുത്തുവിട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
