മയക്കുമരുന്ന് വിൽപ്പന നടത്തിയാൽ വധശിക്ഷ വരെ ലഭിച്ചേക്കാം; പുതിയ നിയമത്തിന് അംഗീകാരം നൽകി കുവൈത്ത്

മയക്കുമരുന്ന് വ്യാപരത്തിനെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് മയക്കുമരുന്ന വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് ഭരണകൂടം കടക്കുന്നത്.

മയക്കുമരുന്ന് കച്ചവടക്കാര്‍, വിതരണക്കാര്‍, ഇടനിലക്കാര്‍, ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. രാജ്യത്തെ മയക്കുമരുന്ന് വ്യാപനം പൂര്‍ണ്ണമായി തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ജസ്റ്റിസ് മുഹമ്മദ് അല്‍-ദുവൈജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജുഡീഷ്യല്‍ സമിതിയാണ് കരട് നിയമം തയ്യാറാക്കിയത്. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവയുടെ വ്യാപനം തടയുന്നതിനായി നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ നിര്‍മാണം.
പഴയ നിയമത്തിലെ നടപടിക്രമങ്ങളിലെ പിഴവുകള്‍ കാരണം ആയിരക്കണക്കിന് പ്രതികളെ കുറ്റവിമുക്തരാക്കപ്പെട്ടതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ, നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകള്‍ മൂലം പ്രതികളെ കുറ്റവിമുക്തരാക്കുന്ന നടപടി ഒഴിവാക്കാനാകും. വധശിക്ഷയ്ക്ക് പുറമെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട ചെറിയ കേസുകളില്‍ പോലും വലിയ പിഴ ശിക്ഷയും ദീര്‍ഘകാല ജയില്‍ ശിക്ഷയും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മന്ത്രിസഭ അംഗീരിച്ച നിയമം വൈകാതെ നടപ്പിലാക്കാനാണ് തീരുമാനം.

