ഒമാനിലെ ഘോഷയാത്രയിലെ വിവാദ പ്രദർശനത്തിൽ ഖേദ പ്രകടനം

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്ൻ സോഷ്യൽ ക്ലബ്. പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അർത്ഥമില്ലെന്നുമാണ് വിശദീകരണം. തെറ്റിദ്ദാരണകൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം ബിബിസി അറബിലുൾപ്പടെ വാർത്തയായിരുന്നു.

‘ഒമാൻ ഡെയിലി ഒബ്സർവർ’ ഉൾപ്പടെയുള്ള പത്രങ്ങളിലാണ് വിശദീകരണവും ഖേദപ്രകടനവുമായി ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പരസ്യം. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കിയ ഘോഷയാത്രയിൽ വാദ്യങ്ങളും മേളങ്ങളും പ്രച്ഛന്ന വേഷങ്ങളും മൃഗകോലങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഈ കോലങ്ങൾ വിവാദമായി. ഇത്തരം ബിംബങ്ങൾ തെറ്റായ സന്ദേശമാണെന്നും നിയന്ത്രിക്കണമെന്നും ഉള്ള രീതിയിൽ ഒമാനിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനവും ചർച്ചയും ആയി. പിന്നാലെയാണ് ഈ കോലം നിലമുഴുന്നതിന്റെ കാർഷിക പ്രതിരൂപമാണെന്നും മതപരമായ അർത്ഥമില്ലെന്നും വിശദീകരണം നൽകിയത്. തെറ്റിദ്ധാരണകളിൽ ഖേദവും പ്രകടിപ്പിച്ചു.
തുർന്നുള്ള എല്ലാ ഘട്ടങ്ങളിലും തദ്ദേശീയ മൂല്യങ്ങൾ മാനിച്ചും വൈകാരികത പരിഗണിച്ചും സൂക്ഷമത പാലിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ബിബിസി അറബ് ഉൾപ്പടെയുള്ളവ സ്വദേശികൾക്കിടയിൽ സംഭവത്തിനെതിരെ ഉയർന്ന വിമർശനം ചർച്ചയാക്കിയിരുന്നു. കേരള പൊലീസിന്റെ വേഷമിട്ട് ഘോഷയാത്രയിൽ ആളുകൾ എത്തിയതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം രീതികൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി വരെ രംഗത്തെത്തിയതോടെ ഗൗരവും വർധിച്ചു. ഇതോടെയാണ് വിശദീകരണം.

