വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ പത്താംക്ലാസുകാരൻ മരണത്തിന് കീഴടങ്ങി

കോഴിക്കോട് കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു സിനാൻ. ഒക്ടോബര് 20 നായിരുന്നു അപകടം നടന്നത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. മഴവെള്ളം നിറഞ്ഞ് കുഴി മൂടിയിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ പന്തിന് പിറകെ ഓടിയെത്തി കുഴിയിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയെങ്കിലും അപകടം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോൾ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുകയായിരുന്നു.

