Fincat

പേരാമ്ബ്ര സംഘര്‍ഷം: ജാമ്യത്തിലിറങ്ങിയ പ്രതിയെ നോട്ടുമാലയിട്ട് സ്വീകരിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പരാതി നല്‍കി DYFI


കോഴിക്കോട്: പേരാമ്ബ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘർഷത്തിനിടെ പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയ കോണ്‍ഗ്രസ് പ്രവർത്തകർ നോട്ടുമാലയിട്ട് സ്വീകരിച്ചതായി പരാതി.കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ നസീർ വലിയപറമ്ബിലിനെ നോട്ടുമാലയിട്ട് സ്വീകരിച്ചതില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പേരാമ്ബ്ര എസ്‌എച്ച്‌ഒയ്ക്ക് പരാതി നല്‍കിയത്. ഇവിടെ കറൻസി നോട്ട് ദുരുപയോഗം ചെയ്തതായി ഡിവൈഎഫ്‌ഐ വെള്ളിയൂര്‍ യൂണിറ്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു.

ജാമ്യം ലഭിച്ച നസീര്‍ വലിയപറമ്ബില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഒക്ടോബര്‍ 31-നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ സ്വീകരണം നല്‍കിയത്. അന്‍പതിലധികം വരുന്ന 500 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ചുള്ള മാലയാണ് നസീറിനെ പ്രവർത്തകർ അണിയിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളെ നോട്ടുമാല അണിയിച്ച്‌ ആദരിച്ച നടപടി റിസര്‍വ് ബാങ്കിന്റെ ‘ക്ലീന്‍ നോട്ട് പോളിസി’ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. 500 രൂപയുടെ കറന്‍സി നോട്ടുകള്‍ മാലയായി കോര്‍ക്കുന്നതിനായി സ്റ്റേപ്ലെയര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്തതോടെ നോട്ടുകള്‍ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

1 st paragraph

പേരാമ്ബ്രയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ ഇത്തരത്തില്‍ ആദരിച്ചത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയ ഇ ടി ഹമീദ്, സജീവന്‍ എം കെ, അസൈനാര്‍ വി വി, നസീര്‍ എന്നിവര്‍ക്കെതിരെ നീതിയുക്തമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.