3 ഇസ്രയേൽ ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ പെട്ടികൾ കൂടി കൈമാറി ഹമാസ്

ഗാസയിൽ മരണപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ അടങ്ങിയ മൂന്ന് ശവപ്പെട്ടികൾ ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ റെഡ് ക്രോസ് മുഖേനയാണ് ഇസ്രയേലിന് ഹമാസ് ശവപ്പെട്ടികൾ കൈമാറിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്. വെടിനിർത്തൽ ധാരണയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായാണ് നടപടി. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണയിൽ 20 ബന്ദികളെ ജീവനോടെയും 28 ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് ധാരണയിൽ വിശദമാക്കിയിരുന്നത്. മരണപ്പെട്ട ബന്ദികളെ കൈമാറുന്നതിൽ ഹമാസ് വൈകുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ ഗാസയിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള താമസം മാത്രമാണ് ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലെ താമസമെന്നാണ് ഹമാസ് വിശദമാക്കുന്നത്.

ഹമാസിന്റെ സായുധ സേനയായ അൽ ക്വാസം ബ്രിഗേഡ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രതികരിച്ചിരുന്നു. തെക്കൻ ഗാസ മുനമ്പിലെ ടണലുകളിലൊന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നായിരുന്നു അൽ ക്വാസം ബ്രിഗേഡ് ഞായറാഴ്ച പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിവരം നൽകിയതായും വിഷമമേറിയ ഈ സമയത്ത് അവർക്കൊപ്പമാണ് തങ്ങളുടെ ഹൃദയമെന്നും എക്സിലെ കുറിപ്പിൽ വിശദമാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും അവസാന ബന്ദി തിരിച്ചെത്തും വരെ അത് തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി കുറിപ്പിൽ വിശദമാക്കി.
