8 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

ഒഡീഷയിലെ മല്‍ക്കന്‍ഗിരിയിൽ നിന്ന് 60 കിലോയോളം വരുന്ന അതിമാരക മയക്കു മരുന്നായ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്റെ വിപണി വില ഏകദേശം 8 കോടി രൂപ വരുമെന്ന് മാല്‍ക്കന്‍ഗിരി പൊലീസ് സൂപ്രണ്ട് (എസ്പി) വിനോദ് പാട്ടീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം, കേസില്‍ ഉള്‍പ്പെട്ട അജ്ഞാതരായ എട്ട് പ്രതികള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവരുടേതെന്ന് കരുതപ്പെടുന്ന 8 മോട്ടോര്‍ സൈക്കിളുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു പ്രതികൾ. പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എസ്സാര്‍ ചൗക്കിലെത്തുന്നത്. ഇവിടെ നിന്ന് പ്രതികൾ ആന്ധ്രാപ്രദേശിലേക്ക് ഹാഷിഷ് ഓയിൽ കടത്താനൊരുങ്ങുന്നു എന്ന വിവരമാണ് ലഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വിവരങ്ങൾ പരിശോധിച്ചുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ, പൊലീസ് വാഹനത്തെയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെയും കണ്ടയുടനെ 8 പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പട്രോളിംഗ് സംഘം അക്രമികളെ പിന്തുടർന്ന് അവരെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇടതൂർന്ന കാട് ആയതിനാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ബൈക്കുകളിൽ വച്ചിരിക്കുകയായിരുന്നു ഹാഷിഷ് ഓയിൽ.

അതേ സമയം, ഒഡീഷയിൽ നിന്ന് ആദ്യമായാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുക്കുന്നതെന്ന് എസ് പി പറഞ്ഞു. എൻസിബി ഡാറ്റ പ്രകാരം കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹാഷിഷ് ഓയിൽ പിടിച്ചെടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
