ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളില്‍ പൊലീസിന് ലഭിച്ചു

വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്റെ ബോഗിയില്‍ പൊലീസ് പരിശോധന നടത്തി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്‌സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് പെണ്‍കുട്ടികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ പെണ്‍കുട്ടിയെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

