Fincat

താമസ സൗകര്യത്തിനായി അലഞ്ഞ് തിരൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരൂര്‍ : തിരൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്റ്റേ സൗകര്യമില്ലാതെ അലയുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളെ പലതവണ സമീപിച്ചെങ്കിലും ആവശ്യത്തിന് പൂര്‍ണമായ പരിഹാരമായില്ല. വര്‍ഷങ്ങളോളം ബസ്സില്‍ കിടന്നുറങ്ങിയ ജീവനക്കാര്‍ക്ക് ഈ അടുത്തകാലത്താണ് പോലീസ് സ്റ്റേഷന്റെ ക്ലബ്ബ് റൂമില്‍ സ്റ്റേ ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും തുടങ്ങിയത്. ഇത് നിയമാനുസൃതം അല്ലെന്നു ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ വിവരം ജീവനക്കാര്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്ന പാലക്കാട് ഡിപ്പോയില്‍ അറിയിച്ചിരുന്നു. സ്റ്റേ ചെയ്യാന്‍ മറ്റു സൗകര്യങ്ങളില്ലെങ്കില്‍ സര്‍വീസ് അയക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡിപ്പോ അധികൃതര്‍ എത്തിയത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി അല്ലാതെ സ്ഥിരമായ ഒരു സ്റ്റേ സൗകര്യമൊരുക്കണമെന്ന് നിരവധി തവണ തിരൂര്‍ എം.എല്‍.എയുടെയും തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍വീസ് നിര്‍ത്തി പോകുന്ന ഘട്ടത്തിലേക്ക് എത്തുന്നത് വരെ യാതൊരു നടപടിയും ഉണ്ടായില്ല. സാധാരണ കെഎസ്ആര്‍ടിസി ഡിപ്പോ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്റ്റേ ചെയ്യുന്ന ബസ്സിലെ ജീവനക്കാര്‍ക്ക് അതാത് തദ്ദേശ ഭരണം സ്ഥാപനങ്ങളാണ് സൗകര്യമൊരുക്കി കൊടുക്കാറ്. തിരൂരില്‍ സ്റ്റേഷന്‍ ഇല്ലാത്തതിന്റെ പേരില്‍ പല ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്.
അതോടൊപ്പം ഡിപ്പോ അധികൃതര്‍ ഈ സര്‍വീസിന് സ്റ്റേ സൗകര്യമൊരുക്കാന്‍ നടപടി ആവശ്യപ്പെട്ട് തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സന് ഇന്ന് കത്ത് നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞദിവസം സ്റ്റേ ചെയ്യാനായി നഗരസഭ അധികൃതര്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ റൂം അനുവദിക്കാം എന്ന് അറിയിച്ചെങ്കിലും ടോയ്‌ലറ്റ് സംവിധാനം അവിടെയില്ല.
സ്റ്റേ ചെയ്യാനുള്ള സംവിധാനം ഉണ്ടെങ്കിലേ ഇന്ന് ബസ് അയക്കൂ എന്ന് പാലക്കാട് കെഎസ്ആര്‍ടിസി അധികൃതര്‍ നിലപാടെടുത്തപ്പോള്‍, നഗരസഭ അധികൃതരും തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കൂട്ടായ്മയും താല്‍ക്കാലികം സ്റ്റേ ചെയ്യാനുള്ള സംവിധാനം ഒരുക്കാം എന്ന് ഉറപ്പു നല്‍കുകയും സര്‍വീസ് അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഉറപ്പിലാണ് ഇന്ന് ബസ് അയച്ചിട്ടുള്ളത്.
വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ KSRTC TIRUR സോഷ്യല്‍ മീഡിയ കൂട്ടായ്മ അംഗങ്ങള്‍ ഇന്ന് രാവിലെ തിരൂര്‍ എം.എല്‍.എയുടെ വീട്ടില്‍ നേരിട്ട് പോയിരുന്നു. മറ്റു പലരും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ ചെയര്‍പേഴ്‌സനുമായി സംസാരിച്ചിട്ടുണ്ടെന്നും ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ മുകളിലത്തെ നിലയില്‍ റൂം അനുവദിക്കാം എന്നും എം.എല്‍.എ അറിയിച്ചു. എന്നാല്‍ ടോയ്‌ലറ്റ് അസൗകര്യം ചൂണ്ടിക്കാണിക്കുകയും സ്ഥിരമായ സംവിധാനമാണ് വേണ്ടതെന്നും എംഎല്‍എയോട് പറഞ്ഞു. തുടര്‍ന്ന് KSRTC TIRUR കൂട്ടായ്മ അംഗങ്ങള്‍ തിരൂര്‍ നഗരസഭ അധ്യക്ഷയുമായും സംസാരിച്ചു. സര്‍വീസ് നിര്‍ത്തേണ്ടി വരില്ലെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കാമെന്ന് അവരും അറിയിച്ചു.
തിരൂര്‍ ബസ് സ്റ്റാന്‍ഡിലോ അല്ലെങ്കില്‍ പരിസരത്തായി ചുരുങ്ങിയത് 4 ബസ്സിലെ ജീവനക്കാര്‍ക്കെങ്കിലും തിരൂരില്‍ സ്റ്റേ ചെയ്യാനുള്ള സ്ഥിരമായ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

 

 

1 st paragraph