‘ട്രംപിനെ വളര്‍ത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കാമെന്ന് കാണിച്ചു’; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മംദാനി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി.ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നല്‍കിയെന്ന് തന്റെ വോട്ടര്‍മാരോട് മംദാനി പറഞ്ഞു. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രിയോ ക്യൂമോയ്ക്ക് മികച്ച സ്വകാര്യ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ജനുവരി ഒന്നിന് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി അധികാരമേല്‍ക്കുമെന്നും സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കി.

സെനഗല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മുതല്‍ ഉസ്‌ബെക് നഴ്‌സുമാരുള്‍പ്പെടെയുള്ള, ന്യൂയോർക്ക് നഗരത്തിലെ രാഷ്ട്രീയം പലപ്പോഴും മറന്നുപോയവരുടെ വിജയമായി തന്റെ വിജയത്തെ മംദാനി അവതരിപ്പിച്ചു. ‘ഈ നഗരം നിങ്ങളുടേതാണ്. ഈ ജനാധിപത്യം നിങ്ങളുടേത് കൂടിയാണ്’, മംദാനി പറഞ്ഞു. രാഷ്ട്രീയ അന്ധകാരത്തിന്റെ കാലത്ത് ന്യൂയോര്‍ക്ക് സിറ്റി വെളിച്ചമായിരിക്കുമെന്ന് മംദാനി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് സിറ്റിയിലെ എല്ലാവര്‍ക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
‘നിങ്ങള്‍ കുടിയേറ്റക്കാരോ, ട്രാന്‍സ് വ്യക്തിയോ, ഫെഡറല്‍ ജോലിയില്‍ നിന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞുവിട്ട കറുത്ത വംശജയായ സ്ത്രീയോ, പല ചരക്ക് സാധനങ്ങളുടെ വില കുറയ്ക്കാൻ കാത്തിരിക്കുന്ന ഒറ്റയ്ക്ക് പോരാടുന്ന അമ്മയോ, ആരും ആകട്ടെ, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണ്. ന്യൂയോര്‍ക്കിലെ ജൂതര്‍ക്കൊപ്പം നില്‍ക്കുന്നതും സെമിറ്റിക് വിരുദ്ധതയുടെ വിപത്തിനെതിരെ പോരാടുന്നതില്‍ പതറാത്തതുമായ ഒരു സിറ്റി ഹാള്‍ നമ്മള്‍ നിര്‍മിക്കും’, അദ്ദേഹം പറഞ്ഞു.

സൊഹ്റാൻ മംദാനി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയും മംദാനി പ്രതികരിച്ചു. ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേള്‍ക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരന്‍മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്‍ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും’, മംദാനി പറഞ്ഞു.
