Fincat

സര്‍ക്കാര്‍ തീരുമാനത്തില്‍ അനീഷ ഹാപ്പി; വീട്ടിലെ മുറി പരീക്ഷയ്ക്കായൊരുക്കും; മസ്‌ക്കുലാര്‍ ഡിസ്ട്രോഫി ബാധിതയ്ക്ക് വീട്ടിലിരുന്ന് 10-ാം ക്ലാസ് തുല്യത പരീക്ഷയെഴുതാം

തൃശൂര്‍: മസ്‌ക്കുലാര്‍ ഡിസ്ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10 -ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍വെച്ച് എഴുതാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നല്‍കി. തൃശൂര്‍, തളിക്കുളം, ആസാദ് നഗര്‍ പണിക്കവീട്ടിലെ അനീഷ അഷ്‌റഫിനാണ് ഈ അനുമതി. 10 -ാം ക്ലാസ്സ് തുല്യത പരീക്ഷയുള്‍പ്പെടെ സമാന പരീക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് എഴുതാന്‍ പ്രത്യേക സൗകര്യം നല്‍കണമെന്ന അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി പാസായിരുന്നു. ഉത്തരവ് പ്രകാരം വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. മുറിയില്‍ വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും മാത്രമേ പാടുള്ളൂ. പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടത് പരീക്ഷാഭവന്‍ സെക്രട്ടറിയാണ്.

1 st paragraph

ഒരു വര്‍ഷം മുമ്പ് നടന്ന നവകേരള സദസ്സില്‍ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും താനുള്‍പ്പെടെയുള്ള ഭിന്നശേഷി കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍ അനീഷ പങ്കുവെച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും അനീഷ താനുള്‍പ്പെടുന്ന സമൂഹത്തിന്റെ ദുരിതങ്ങള്‍ വിവരിച്ചു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നല്‍കി. നിവേദനം നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സാക്ഷരത മിഷന്‍ നടത്തുന്ന 10 -ാം ക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക് കഴിഞ്ഞ 16 മാസമായി അനീഷ തയ്യാറെടുത്തു വരികയാണ്. ഈ വരുന്ന നവംബര്‍ 8 നാണ് പരീക്ഷ തുടങ്ങുന്നത്.

സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമെന്നും ആശിച്ചു പഠിച്ചു തുടങ്ങിയതാണെന്നും സര്‍ക്കാരിന് ഒരുപാട് നന്ദിയെന്നും അനീഷ പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അനീഷയെ വീഡിയോ കോളില്‍ വിളിച്ചു സംസാരിച്ചു. എട്ടാം വയസിലാണ് അനീഷയ്ക്ക് രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാന്‍ കഴിയാതായി. തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 2021 ലെ ലോകഭിന്നശേഷി ദിനത്തില്‍ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ‘ഉണര്‍വ്വ്’ ഓണ്‍ലൈന്‍ കഥാരചന മത്സരത്തില്‍ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡും അനീഷക്ക് ലഭിച്ചിരുന്നു. അനീഷയ്ക്ക് 10 -ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍ വെച്ച് എഴുതാന്‍ അനുമതി ലഭ്യമാക്കണമെന്ന് തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറും ശിപാര്‍ശ നല്‍കിയിരുന്നു.

 

2nd paragraph