ലാലേട്ടന്റെ ‘തുടരും’ ഇന്ത്യന്‍ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അന്‍പത്തിയാറാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വെച്ചാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

കെ.ആര്‍. സുനിലും തരുണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ഏപ്രില്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു തുടരും. ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കേരളത്തില്‍ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

