Fincat

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം; വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന വിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുന്നതാണ് നഗരസഭയുടെ വികസനങ്ങള്‍. എല്ലാവരിലേക്കും ഗുണം എത്തിക്കാന്‍ നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.5 കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസ് റോഡിന് സമീപമുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെച്ചിക്കുറ്റിയിലെ സ്ഥലത്താണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആഡംബര ഹോട്ടലുകളോട് കിടപിടിക്കുന്ന രീതിയില്‍ ശീതീകരിച്ച മുറികളാണ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്. നൂറോളം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ഡോര്‍മട്രി മുറികള്‍, സ്യൂട്ട് മുറികള്‍, മീറ്റിങ് ഹാള്‍, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ഹെല്‍ത്ത് ക്ലബ്ബ്, വിനോദ കേന്ദ്രം, അതിഥി മുറി എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ഷരീഫ് കോണോത്തൊടി, പി.കെ. സക്കീര്‍ ഹുസൈന്‍, പരി അബ്ദുല്‍ ഹമീദ്, സി.പി. ആയിഷാബി, മുന്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, കൗണ്‍സിലര്‍മാരായ ജയശ്രീ രാജീവ്, ഒ. സഹദേവന്‍, മഹ്‌മൂദ് കേതേങ്ങല്‍, നഗരസഭ സെക്രട്ടറി കെ. സുധീര്‍, എന്‍ജിനിയര്‍ പി.ടി. ബാബു എന്നിവര്‍ സംസാരിച്ചു.

2nd paragraph