നഗ്‌നവീഡിയോ ഭര്‍ത്താവിനെ കാണിയ്ക്കുമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചു: വളാഞ്ചേരിയില്‍ യുവാവ് പിടിയില്‍

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. തൃശൂര്‍ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് ഇയാള്‍ വീട്ടില്‍ കയറി ഉപദ്രവിച്ചത്. നാലു വര്‍ഷത്തോളമായി യുവതിയുമായി സൗഹൃദത്തിലായിരുന്നു യദുകൃഷ്ണന്‍. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിയുടെ നഗ്ന വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്തു.

ഒക്ടോബര്‍ 23ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ കതക് തുറക്കാന്‍ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറി കത്തികാണിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വീണ്ടും ഉപദ്രവം തുടര്‍ന്നതോടെ യുവതി ഭര്‍ത്താവിനെ കൂട്ടി വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതി തൃശൂര്‍ ചെറുതുരുത്തിയില്‍ ഒളിവില്‍ താമസിക്കവേയാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. വളാഞ്ചേരി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ ശശികുമാര്‍, സി.പി.ഒമാരായ വിജയനന്ദു, ശൈലേഷ്, രജിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

