Fincat

മടങ്ങിയെത്തിയ പ്രവാസികളെ ‘നോർക്ക കെയർ’ ഇൻഷുറൻസിൽ ഉൾപ്പെടുത്തും

 

മടങ്ങിയെത്തിയ പ്രവാസികളെയും ‘നോർക്ക കെയർ’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്‍റെ സ്‌പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐഎഎസ്  വ്യക്തമാക്കി.

1 st paragraph

ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ അതിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. ഈ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകൾ അറിയിക്കുമെന്നും പറഞ്ഞു.

 

പ്രവാസി ലീഗൽ സെല്ലിന്‍റെ ഹർജിയിൽ 2025 സെപ്റ്റംബർ 26-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ബഹു. ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

 

2nd paragraph

നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇൻഡ്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിർണ്ണയിച്ചിരിക്കുന്നത്. വിദാൽ ഹെൽത്ത് ആണ് മൂന്നാംകക്ഷി അഡ്മിനിസ്ട്രേറ്റർ (TPA). നോർക്ക ഐ ഡി അല്ലങ്കിൽ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.

 

അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിച്ചിട്ടുള്ളത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60–70ന് മുകളിൽ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ. പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ യഥാർത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.

 

അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും ‘നോർക്ക കെയറി’ൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും, നോർക്ക റൂട്ട്സും ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർത്ഥിച്ചു. ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല. പദ്ധതിയുടെ എൻറോൾമെന്റ് വിൻഡോ നവംബർ 30 വരെ നീട്ടിയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പിഎൽസി അഭ്യർത്ഥിച്ചു. നോർക്ക റൂട്സുമായും പ്രവാസി ക്ഷേമനിധി ബോർഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ സമഗ്രമായി ചർച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപനം വന്നതിനുശേഷമാകാമെന്നും സ്‌പെഷ്യൽ സെക്രട്ടറി അറിയിച്ചു.