Fincat

ബ്രസീലിയന്‍ യുവതിക്ക് പിന്നാലെ വിവാദ നായികയായി പൂനെ അഭിഭാഷക; മഷി പുരണ്ട വിരലുമായി പോസ്റ്റ്, ആളിക്കത്തി ‘വോട്ട് ചോരി’ ആരോപണം

പൂനെ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദം. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയില്‍ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം വൈറലായതാണ് പുതിയ ആരോണങ്ങള്‍ക്ക് പിന്നില്‍. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് വീണ്ടും ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങള്‍.

1 st paragraph

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ യുവതിയുടെ ചിത്രം ഉള്‍പ്പെട്ടുവെന്ന ആരോപണത്തിന് പിന്നാലെ, കോണ്‍ഗ്രസ് തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ ഉദാഹരണമാണിത്. പൂനെയില്‍ നിന്നുള്ള അഭിഭാഷകയായ ഊര്‍മ്മി, താന്‍ വോട്ട് ചെയ്തു എന്നതിന്റെ തെളിവായി വിരലില്‍ മഷിയുള്ള സെല്‍ഫി ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. ‘മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തു. ജായി കെ വോട്ട് ഡാലി, ബിഹാര്‍’ എന്നായിരുന്നു അടിക്കുറിപ്പ്.

കോണ്‍ഗ്രസ് ആരോപണങ്ങള്‍
മറ്റൊരു സംസ്ഥാനത്തിലെ വോട്ടര്‍മാര്‍ വേറൊരു സംസ്ഥാനത്ത് വോട്ട് ചെയ്യുന്നതിന്റെ ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസ് ഈ ചിത്രം ചൂണ്ടിക്കാട്ടി ആരോപിക്കുന്നു. പല പേരുകളുള്ള ഒരു സ്ത്രീ 10 വ്യത്യസ്ത ബൂത്തുകളില്‍ വോട്ട് ചെയ്തു എന്ന് ആരോപിച്ച് വ്യാഴാഴ്ച ഹരിയാന തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഹുല്‍ ഗാന്ധി സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിഭാഷകയുടെ ചിത്രം കൂട്ടത്തോടെ പങ്കുവയ്ക്കുന്നുണ്ട്.

2nd paragraph

‘മള്‍ട്ടി-സ്റ്റേറ്റ് വോട്ടിംഗ് ആണ് പുതിയ സ്റ്റാര്‍ട്ടപ്പ്. നിക്ഷേപകന്‍: ബിജെപി. ഉല്‍പ്പന്നം: വ്യാജ ജനവിധി’ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ രേഷ്മ ആലം പറഞ്ഞു. ‘ലോക്‌സഭയില്‍ മഹാരാഷ്ട്രയില്‍ വോട്ട് ചെയ്യും. നിയമസഭയില്‍ ബിഹാറില്‍ വോട്ട് ചെയ്യും. മോദിക്ക് വേണ്ടി വോട്ട് മോഷ്ടിക്കും’ മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെ പാട്ടീല്‍ പരിഹസിച്ചു.

ബിഹാറിലെ കോണ്‍ഗ്രസ് സഖ്യകക്ഷികളും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ രംഗത്തെത്തി. ‘2024-ല്‍ മാഡം മഹാരാഷ്ട്രയില്‍ വോട്ട് ചെയ്തു, 2025-ല്‍ ബിഹാറില്‍ വോട്ട് ചെയ്തു. ‘മോദിയുടെ’ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ പരസ്യമായി എഴുതി. അവരുടെ അഹങ്കാരം നോക്കൂ. നിങ്ങള്‍ അവരോട് എന്തെങ്കിലും ചോദിച്ചാല്‍, മാഡം പറയും, ‘സിസ്റ്റം ഞങ്ങളുടെതാണ്!’ ബിജെപി ആളുകള്‍ക്ക് വേണ്ടിയാണ് ഈ സിസ്റ്റം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്’ ആര്‍ജെഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.

ഊര്‍മ്മിയുടെ വിശദീകരണം

തന്റെ പോസ്റ്റ് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമായിരുന്നു എന്നും, താന്‍ അവിടെ വോട്ട് ചെയ്തു എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നുമാണ് ഊര്‍മ്മി പറയുന്നത്. ‘ഇത് പ്രചോദനത്തിന് വേണ്ടി മാത്രമായിരുന്നു. ഞാന്‍ ‘ഇന്ന്’ വോട്ട് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ വോട്ട് ചെയ്തു എന്ന് മാത്രമാണ് പറഞ്ഞത്. അത് മഹാരാഷ്ട്രയിലായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട്, ശാന്തരാവുക! വേണ്ടത്ര പ്രചോദിതരായോ? ഇനി നിങ്ങളുടെ ഊഴമാണ്, ബിഹാര്‍. പോയി വോട്ട് ചെയ്യുക,’ ഊര്‍മ്മി പറഞ്ഞു.

ബ്രസീലിയന്‍ യുവതിയുടെ ചിത്രം വൈറലായ സംഭവം

നേരത്തെ, രാഹുല്‍ ഗാന്ധി ഒരു ബ്രസീലിയന്‍ യുവതിയുടെ ചിത്രം ഹരിയാന വോട്ടര്‍ പട്ടികയില്‍ 22 എന്‍ട്രികളില്‍ ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ആ ചിത്രം വൈറലായിരുന്നു. പിന്നീട് ഈ ചിത്രം ഹെയര്‍ഡ്രെസ്സറായ ലാരിസ നെറിയുടേതാണ് എന്ന് കണ്ടെത്തി. എട്ട് വര്‍ഷം മുന്‍പ് ഒരു ഫോട്ടോഗ്രാഫര്‍ സുഹൃത്തിന് വേണ്ടി അവര്‍ പോസ് ചെയ്തതായിരുന്നു ഈ ചിത്രം. മറ്റൊരു രാജ്യത്ത് ഈ ചിത്രം ഒരു വലിയ രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രമായി മാറുമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.