ശബരിമല കാനന പാത നേരത്തെ തുറന്ന് തരണമെന്ന് ഭക്തന്റെ ആവശ്യം; തളളി ഹൈക്കോടതി

കൊച്ചി: ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുന്‍പ് 15-ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പെടെയുളള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുളള യാത്ര അനുവദിക്കാനാവുകയുളളുവെന്നും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് കാനന പാതയിലൂടെയുളള യാത്രയ്ക്ക് അനുമതിയില്ലെന്ന് ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി അറിയിച്ചു.

മാത്യു കുഴല്‍നാടനെപ്പോലുളള അഭിഭാഷകര്‍ എല്ലാ വശങ്ങളും പഠിച്ചശേഷമാണ് ഇത്തരം ഹര്‍ജിയുമായി വരുന്നതെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹിയില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുപോലെ എളുപ്പമല്ല കാനന പാതയിലൂടെയുളള യാത്രയെന്നും കോടതി വിമര്‍ശിച്ചു. പതിനേഴിന് മാത്രമേ കാനനപാത തുറക്കാനാവൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.
ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്ബൂ സാഷേകളുടെ ഉപയോഗം ഹൈക്കോടതി ഇന്ന് വിലക്കിയിരുന്നു. ഷാമ്ബൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പമ്ബാനദിയില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കര്‍ശനമായി നടപ്പാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പമ്ബയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല – മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.

