എസ് എം 18; ലോകകപ്പ് ജേതാവിന്റെ പേര് ടാറ്റു ചെയ്ത് ഭാവിവരൻ; പ്രണയ നിമിഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ പേരും ജഴ്സി നമ്ബരും കയ്യില്‍ ടാറ്റൂ ചെയ്ത് ഭാവിവരൻ പലാഷ് മുച്ചല്‍.സ്മൃതിയുടെ പേരിന്റെ ചുരുക്കരൂപമായ ‘എസ്‌എം’ എന്നും ജഴ്സി നമ്ബർ 18 ഉം ആണ് പലാഷ് കൈത്തണ്ടയില്‍ ടാറ്റു ചെയ്തത്. ലോകകപ്പ് ട്രോഫിയുടെ ചിത്രം സ്മൃതിയും ടാറ്റു ചെയ്തിട്ടുണ്ട്.
സംഗീത സംവിധായകനായ പലാഷ് മുച്ചലും സ്മൃതിയും ഈ മാസം 20ന് വിവാഹിതരമാകുമെന്നാണ് റിപ്പോർട്ടുകള്‍. 2019 മുതല്‍ സ്മൃതിയും പലാഷ് മുച്ചലും പ്രണയത്തിലായിരുന്നു.
ഏകദിന ലോകകപ്പില്‍ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ സ്മൃതി ഇന്ത്യൻ താരങ്ങളില്‍ ടോപ് സ്കോററായിരുന്നു. ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉള്‍പ്പടെ 434 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. ജെമീമ റോഡ്രിഗസിനും ദീപ്തി ശർമയ്ക്കുമൊപ്പം ഐസിസിയുടെ ലോകകപ്പ് ടീമിലും സ്മൃതിക്ക് ഇടം ലഭിച്ചിരുന്നു.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യൻ താരങ്ങള്‍ കന്നി ലോകകപ്പ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 45.3 ഓവറില്‍ 246 റണ്‍സടിച്ച് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി.

