ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍! കോടികളുടെ നഷ്ടം; അമേരിക്കയില്‍ സംഭവിക്കുന്നത് എന്ത്?

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് അമേരിക്ക അടച്ചുപൂട്ടലിലേക്ക് കടന്നത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാണ് അമേരിക്കന്‍ സാമ്പത്തിക വര്‍ഷം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനബില്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പാസാക്കണം. എന്നാല്‍ ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സെനറ്റില്‍ സമവായത്തില്‍ എത്താനായില്ല. ഇതോടെയാണ് പ്രതിസന്ധികള്‍ക്ക് തുടക്കമായത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമാണ് ഈ അടച്ചുപൂട്ടലില്‍ ഉണ്ടായിരിക്കുന്നത്. ഇരുകൂട്ടരും എന്ന് സമവായത്തിലെത്തി ഈ തര്‍ക്കം എന്ന് അവസാനിക്കും എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഷട്ട്ഡൗണിന്റെ ഭാഗമായി നിരവധി ?ഗവണ്‍മെന്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ 1.4 മില്യണ്‍ ഫെഡറല്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയിലോ ശമ്പളമില്ലാതെ ജോലി ചെയ്യുകയോയാണ്. ഷട്ട്ഡൗണ്‍ എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചാവും അടച്ചപൂട്ടല്‍ ആഘാതത്തിന്റെ വ്യാപ്തി വ്യക്തമാവുക. ഇതിന് മുമ്പേ ഉണ്ടായ വലിയ ഷട്ട്ഡൗണും 2018ല്‍ അന്നത്തെ ട്രംപ് ഭരണകൂടത്തിന്റെ കീഴിലായിരുന്നു. ആ ഷട്ട്ഡൗണ്‍ 35 ദിവസം നീണ്ടുനിന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ബജറ്റ് തര്‍ക്കങ്ങള്‍ സാധാരണമാണ്. 2025 ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാന്‍ നീക്കമാരംഭിച്ചിരുന്നു. അതുകൊണ്ടാണ് നിലവിലത്തെ ഷട്ട്ഡൗണില്‍ ജോലി സ്ഥിരമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം ജീവനക്കാരും.

ഷട്ട്ഡൗണ്‍ ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ സാധാരണക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണ്. ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും എയര്‍പോര്‍ട്ട് ജീവനക്കാരും ശമ്പളമില്ലാതെയാണ് ജോലിയില്‍ തുടരുന്നത്. ഇത് വിമാനസര്‍വ്വീസുകളെയും ബാധിച്ചു. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് നിലവിലത്തെ സര്‍ക്കാര്‍ തീരുമാനം. ഇത് രാജ്യത്തെ 40 എയര്‍പോര്‍ട്ടുകളെയെങ്കിലും ബാധിക്കും. ഇത് പ്രതിദിനം നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചുകഴിഞ്ഞു. ഇത്രയധികം വിമാന സര്‍വീസുകള്‍ റദ്ദാവുന്നത് അമേരിക്കയില്‍ പതിവുള്ളതല്ല. സര്‍ക്കാര്‍ സേവനങ്ങളെ ആശ്രയിക്കുന്ന ചെറിയ വരുമാനക്കാരും ഷട്ട്ഡൗണിന്റെ പ്രതിസന്ധിയിലാണ്.
അമേരിക്കയില്‍ എട്ടില്‍ ഒരാള്‍ സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം വഴിയുള്ള ഭക്ഷ്യ സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഫണ്ടിങ് നിന്നതോടെ ഇക്കാര്യവും പരുങ്ങലിലാണ്. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയാകുന്നുണ്ട്.
