വിജയിക്ക് 45,25,210 രൂപ? സസ്‌പെന്‍സ് നിലനിര്‍ത്തി ബി?ഗ് ബോസ്, ഫിനാലെ വേദിയില്‍ സര്‍പ്രൈസ് പ്രതീക്ഷിക്കാമോ?

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയി അരെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലുമായി നടക്കുക. സര്‍പ്രൈസുകള്‍ പലത് ഉണ്ടായിരുന്ന ഈ സീസണില്‍ അത്തരത്തിലൊന്ന് ഫിനാലെ വേദിയിലും നിലവിലെ മത്സരാര്‍ഥികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ടൈറ്റില്‍ വിജയിക്ക് ലഭിക്കുന്ന തുക സംബന്ധിച്ചാണ് അത്. 50 ലക്ഷം രൂപയാണ് തത്വത്തില്‍ സീസണ്‍ 7 ലെ ടൈറ്റില്‍ വിജയിക്കുള്ള തുക. എന്നാല്‍ ഏഴിന്റെ പണി എന്ന ടാഗ് ലൈനില്‍ എത്തിയ ഇത്തവണത്തെ സീസണില്‍ മത്സരാര്‍ഥികളുടെ മുന്‍കൂട്ടിയുള്ള പ്ലാനിംഗുകള്‍ ബിഗ് ബോസ് പൊളിച്ചിരുന്നു. അതിലൊന്ന് മണി ബോക്‌സ് എടുക്കുന്ന കാര്യമായിരുന്നു.

മത്സരാര്‍ഥികള്‍ക്ക് പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യാന്‍ സാധിക്കുന്ന, ബിഗ് ബോസിലെ ഏറ്റവും കൗതുകം നിറഞ്ഞ ടാസ്‌കുകളിലൊന്നാണ് മണി ബോക്‌സ് ടാസ്‌ക്. ടോപ്പ് 5 തീരുമാനിക്കപ്പെടുന്നതിന് മുന്‍പായി വരുന്ന ഈ ടാസ്‌കില്‍ പണമെടുക്കാന്‍ പല മത്സരാര്‍ഥികളും താല്‍പര്യം പരസ്പരം അറിയിച്ചിരുന്നു. അക്കാര്യത്തില്‍ ചര്‍ച്ചകളും പ്ലാനിംഗുമൊക്കെ അവര്‍ നടത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് അവിടെയും ട്വിസ്റ്റ് കൊണ്ടുവന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആയിരുന്നില്ല ഇത്തവണത്തെ മണി ടാസ്‌ക്. ഒരു ടാസ്‌ക് ആയിരുന്നില്ല, മറിച്ച് പല ടാസ്‌കുകള്‍ ചേര്‍ന്ന് എല്ലാ മത്സരാര്‍ഥികള്‍ക്കും പണം നേടാവുന്ന ഒരു വാരമാണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. ബിഗ് ബാങ്ക് വീക്ക് എന്നായിരുന്നു ഇതിന്റെ പേര്.
എന്നാല്‍ അവിടെ വീണ്ടും ബിഗ് ബോസ് ഒരു ട്വിസ്റ്റ് കാത്തുവച്ചിരുന്നു. ഓരോ ടാസ്‌ക് കഴിയുമ്പോഴും മത്സരാര്‍ഥികള്‍ നേടുന്ന തുക ടൈറ്റില്‍ വിജയിക്ക് ലഭിക്കേണ്ട 50 ലക്ഷത്തില്‍ നിന്ന് കുറച്ചിരുന്നു. ഇതനുസരിച്ച് ബിഗ് ബാങ്ക് ടാസ്‌കുകള്‍ പൂര്‍ത്തിയായപ്പോള്‍ 45,25,210 രൂപയാണ് ടൈറ്റില്‍ വിജയിയുടെ സമ്മാനത്തുകയില്‍ അവശേഷിക്കുന്നത്. അച്ചടക്ക നടപടിയുടെ പേരില്‍ ബിഗ് ബാങ്ക് വീക്കില്‍ പങ്കെടുക്കാനാവാതെയിരുന്ന നെവിന് മാത്രമായി ഒരു ടാസ്‌ക് ബിഗ് ബോസ് പിന്നീട് നടത്തിയിരുന്നു. ഇതില്‍ 50,000 രൂപയാണ് നെവിന്‍ സ്വന്തമാക്കിയത്. ടൈറ്റില്‍ വിജയിക്കുള്ള തുകയില്‍ നിന്ന് ഇത് കൂടി കുറച്ചാല്‍ അത് 44,75,210 ആയി കുറയും.

