88 റണ്‍സില്‍ വീണത് എട്ട് വിക്കറ്റുകള്‍; പിന്നെ നടന്നത് വിൻഡീസ് വെടിക്കെട്ട്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഒമ്ബത് റണ്‍സിന്റെ വിജയവുമായി ന്യൂസിലാൻഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇൻഡീസിന് 19.5 ഓവറില്‍ 168 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ എട്ടിന് 88 എന്ന നിലയില്‍ തകർന്ന ശേഷമാണ് വിൻഡീസ് സംഘം വിജയത്തിന് അരികില്‍ വരെയെത്തിയത്.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 56 റണ്‍സെടുത്ത ഓപണർ ഡെവോണ്‍ കോണ്‍വേ, 41 റണ്‍സെടുത്ത ഡാരല്‍ മിച്ചല്‍, 26 റണ്‍സെടുത്ത രചിൻ രവീന്ദ്ര, 23 റണ്‍സെടുത്ത ടിം റോബിൻസണ്‍ എന്നിവരാണ് ന്യൂസിലാൻഡ് നിരയില്‍ ഭേദപ്പെട്ട നിലയില്‍ സ്കോർ ചെയ്തത്.

മറുപടി ബാറ്റിങ്ങില്‍ വിൻഡീസ് മുൻനിരയില്‍ കാര്യമായ സംഭാവനകളുണ്ടായില്ല. 31 റണ്‍സെടുത്ത അലിക് അതാന്സെയും 24 റണ്‍സെടുത്ത അകീം വെയ്നും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മുൻനിര തകർന്നടിഞ്ഞതോടെ എട്ടിന് 88 എന്ന നിലയില്‍ വിൻഡീസ് തകർന്നു. എന്നാല്‍ അവിടുന്ന് റൊമാരിയോ ഷെപ്പേർഡും ഷമർ സ്പ്രിങ്ങറും ഒത്തുചേർന്നു.
34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറും സഹിതം 49 റണ്‍സാണ് ഷെപ്പേർഡ് നേടിയത്. 20 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം സ്പ്രിങ്ങർ 39 റണ്‍സ് നേടി. ഇരുവരും ചേർന്ന ഒമ്ബതാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേർത്തു. 19 ഓവർ പൂർത്തിയാകുമ്ബോള്‍ 166 റണ്‍സിലെത്തിയതിന് പിന്നാലെയാണ് വിൻഡീസിന് ഒമ്ബതാം വിക്കറ്റ് നഷ്ടമായത്. മുൻനിരയില്‍ ഒരാളുടെ കൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

ന്യൂസിലാൻഡ് ബൗളിങ് നിരയില്‍ ജേക്കബ് ഡഫിയും ഇഷ് സോധിയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ന്യൂസിലാൻഡ് 2-1ന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളിലും ടീമുകളുടെ വിജയം 10ല്‍ താഴെ റണ്‍സിനാണ് സംഭവിച്ചത്. ആദ്യ മത്സരത്തില്‍ വിൻഡീസ് ഏഴ് റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം ട്വന്റി 20 മൂന്ന് റണ്‍സിന് ന്യൂസിലാൻഡ് വിജയിച്ചു.
