‘കൂറ്റന്‍ പാലം, മെയ്ഡ് ഇന്‍ ചൈന’, ഈ വര്‍ഷാദ്യം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം തകര്‍ന്ന് നദിയില്‍ വീണു, അപകടകാരണം ഭൗമ അസ്ഥിരതയെന്ന്

ബീജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നു. നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ 758 മീറ്റര്‍ നീളമുള്ള ഈ പാലം, വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച അടച്ചിരുന്നു.

അപകടത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ചരിഞ്ഞ പര്‍വതമേഖലയിലെ ഭൗമപരമായ അസ്ഥിരതയാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മാല്‍ക്കാങ് നഗരത്തിലെ ഹോങ്ചി പാലം സ്ഥിതി ചെയ്യുന്ന ദേശീയപാതയുടെ വലത് കരയില്‍ തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:25-ന് അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു.
നിര്‍മ്മാണവും തുടര്‍നടപടികളും
ഷുവാങ്ജിയാങ്കു ഹൈഡ്രോപവര്‍ സ്റ്റേഷന് സമീപം 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഈ പാലം, സിചുവാനെയും ടിബറ്റന്‍ പീഠഭൂമിയെയും ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാന്‍ ഈ വര്‍ഷം ആദ്യം നിര്‍മ്മിച്ചതാണ്. സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്. രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ ഉള്ള പ്രശ്‌നങ്ങള്‍ സംഭവത്തിന് കാരണമായോ എന്ന് കണ്ടെത്താന്‍ വിശദമായ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്. ദേശീയപാത എപ്പോള്‍ തുറക്കുമെന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല.

